Image

ചേരാനല്ലൂർ അപകടം: 17-കാരന്റെ വിവരങ്ങൾ പുറത്തുവിട്ട 18 പേർക്കെതിരെ കേസ്; ജഡ്ജിക്കെതിരായ പരാതിയിൽ ഇന്ന് മൊഴിയെടുക്കും

Published on 04 November, 2026
ചേരാനല്ലൂർ അപകടം: 17-കാരന്റെ വിവരങ്ങൾ പുറത്തുവിട്ട 18 പേർക്കെതിരെ കേസ്; ജഡ്ജിക്കെതിരായ പരാതിയിൽ ഇന്ന് മൊഴിയെടുക്കും

കൊച്ചി: കണ്ടെയ്‌നർ റോഡിൽ സ്കൂട്ടർ യാത്രക്കാരൻ ആഡംബര കാറിടിച്ചു മരിച്ച കേസിൽ, വാഹനം ഓടിച്ച പതിനേഴുകാരന്റെ പേരുവിവരങ്ങളും ചിത്രങ്ങളും പരസ്യപ്പെടുത്തിയതിന് 18 പേർക്കെതിരെ പോലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത പ്രതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെക്കുറിച്ച് കേസ് പരിഗണിക്കുന്ന കോടതി പോലീസിനോട് വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചി സിറ്റി സൈബർ പോലീസ് ഇത്രയും പേർക്കെതിരെ കേസെടുത്ത് നടപടി ശക്തമാക്കിയത്.

​അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഉന്നയിച്ച ഗുരുതരമായ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ച് സംഘം ഇന്ന് മൊഴിയെടുക്കും. കാറോടിച്ച പതിനേഴുകാരന്റെ പിതാവായ ജഡ്ജിക്കെതിരെ ചേരാനെല്ലൂർ പോലീസിൽ കുടുംബം നേരത്തെ പരാതി നൽകിയിരുന്നു. അപകടം നടന്നയുടൻ മൂന്നു മണിക്കൂറോളം സംഭവസ്ഥലത്ത് നിലയുറപ്പിച്ച ജഡ്ജി തെളിവുകൾ നശിപ്പിക്കാനും കേസ് വഴിതിരിച്ചുവിടാനും നേരിട്ട് ഇടപെട്ടു എന്നാണ് കുടുംബത്തിന്റെ പ്രധാന ആക്ഷേപം.

​സംഭവത്തിൽ പ്രത്യേക എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് ഈ പരാതി കൈമാറിയതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആർ. നിശാന്തിനി അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി മൊഴി രേഖപ്പെടുത്തുന്നതിന് ബുധനാഴ്ച രാവിലെ 11.30-ഓടെ കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക