Image

മാപ്പപേക്ഷ നല്‍കിയാല്‍ പരീക്ഷ എഴുതാന്‍ ഇനിയും സാധ്യത: മന്ത്രി

Published on 04 November, 2026
 മാപ്പപേക്ഷ നല്‍കിയാല്‍ പരീക്ഷ എഴുതാന്‍ ഇനിയും സാധ്യത: മന്ത്രി

 

കോഴിക്കോട്: കാലടി സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ മാപ്പപേക്ഷ എഴുതിക്കൊടുത്ത് തെറ്റ് ഉള്‍ക്കൊണ്ടാല്‍ അവര്‍ക്ക് പരീക്ഷയ്ക്കിരിക്കാന്‍ ഇനിയും സാധ്യതയുണ്ടെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോണ്‍. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാത്തതില്‍ സന്തോഷിക്കുന്ന ആളല്ല ഞാന്‍. വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതണമെന്നുതന്നെയാണു സര്‍ക്കാരിന്റെയും സര്‍വകലാശാലയുടെയും നിലപാട്. സര്‍വകലാശാലയുടെ സുഗമമായ നടത്തിപ്പിനു തടസം സൃഷ്ടിക്കുന്ന തരത്തില്‍ സമരങ്ങള്‍ പാടില്ല.

കാലടി എന്റെ മണ്ഡലത്തിലാണ്. അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് കൃത്യമായ ബോധ്യമുണ്ട്. അവിടെ നടക്കുന്ന കാര്യങ്ങള്‍ ഇനിയും പുറത്തുവരാന്‍ പോകുന്നതേ ഉള്ളൂ. ഡിഗ്രി പാസാകാത്ത എസ്എഫ്ഐ നേതാവിനു കഴിഞ്ഞ സിന്‍ഡിക്കറ്റ് ചേര്‍ന്ന് പിജിക്ക് അഡ്മിഷന്‍ കൊടുത്തിരുന്നു. എത്രയൊക്കെ സമരം നടന്നാലും അവിടെ പലതരത്തിലുള്ള ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. അത് പുറത്തുകൊണ്ടു വരും.

സസ്പെന്‍ഷന്‍ കാലയളവിലും ചില വിദ്യാര്‍ഥികള്‍ കാംപസില്‍ കയറി വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അക്രമത്തിലൂടെയും ഭീഷണിയിലൂടെയും അരാജകത്വത്തിലൂടെയുമാണോ സമരം ചെയ്യേണ്ടത് - മന്ത്രി ചോദിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക