Image

ഗ്യാനേഷ് കുമാറിനെതിരായ കൈക്കൂലി ആരോപണം; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്

Published on 04 November, 2026
 ഗ്യാനേഷ് കുമാറിനെതിരായ കൈക്കൂലി ആരോപണം; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്

 

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ കൈക്കൂലി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവ്. സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

കെഎസ്ടിപി റോഡ് നിര്‍മാണക്കരാര്‍ ഏറ്റെടുത്ത മലേഷ്യന്‍ കമ്പനിയായ പതിബെലിലെ എന്‍ജിനിയര്‍ ലീ സീ ബെന്‍ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടാണ് ആരോപണം. 2007ല്‍ രജിസ്റ്റര്‍ ചെയ്ത് പിന്നീട് അവസാനിപ്പിച്ച വിജിലന്‍സ് അന്വേഷണം പുനരാരംഭിക്കാനാണ് തീരുമാനം.

ലീ സീ ബെന്നിന്റെ സുഹൃത്തും ചടയമംഗലം സ്വദേശിയുമായ സാജന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി. ഏകദേശം 17 കോടി രൂപയുടെ ബില്ലുകള്‍ പാസാക്കാന്‍ ഗ്യാനേഷ് കുമാര്‍ രണ്ടുകോടി കൈക്കൂലി ആവശ്യപ്പെട്ടെന്ന് ലീ സീ ബെന്‍ നേരിട്ട് പറഞ്ഞിരുന്നുവെന്നാണ് സാജന്റെ പരാതിയിലെ ആരോപണം.

എന്‍ജിനീയര്‍മാര്‍ അംഗീകരിച്ച ബില്ലുകള്‍ 2006 മേയ് മുതല്‍ അകാരണമായി തടഞ്ഞുവച്ചിരുന്നതായും പരാതിയില്‍ പറയുന്നു. എന്നാല്‍ ആദ്യ അന്വേഷണത്തില്‍ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നില്ല.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക