Image

ഇരു സഭകളിലും ആധിപത്യം ഉറപ്പാക്കി ഡെമോക്രാറ്റുകൾ; സഹകരിച്ചു പ്രവർത്തിക്കുമെന്നു ട്രംപ് (പിപിഎം)

Published on 04 November, 2026
ഇരു സഭകളിലും ആധിപത്യം ഉറപ്പാക്കി ഡെമോക്രാറ്റുകൾ; സഹകരിച്ചു പ്രവർത്തിക്കുമെന്നു ട്രംപ് (പിപിഎം)

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ രാജ്യമൊട്ടാകെ അട്ടിമറി വിജയങ്ങൾ നേടി കോൺഗ്രസിന്റെ ഇരു സഭകളിലും  ഡെമോക്രാറ്റുകൾ  ഭൂരിപക്ഷം ഉറപ്പിക്കുന്നുവെന്നു പ്രമുഖ മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തു. ഏറ്റവും ഒടുവിൽ സെനറ്റ് മത്സരത്തിൽ റിപ്പബ്ലിക്കൻ പാർട്ടി ഉറപ്പാക്കിയിരുന്ന സീറ്റ് അവർക്കു നഷ്ടമായത് സൗത്ത് കരളിനയിലാണ്. ദീർഘകാലം സെനറ്റർ ആയിരുന്ന അന്തരിച്ച ലിൻഡ്‌സെ ഗ്രെയമിന്റെ സഹോദരി ഡാർലിൻ ഗ്രെയം അവിടെ ഡെമോക്രാറ്റ് ആനി ആൻഡ്രൂസിനോടു തോറ്റു.

അതോടെ ഫലം പ്രഖ്യാപിച്ച നാലു സെനറ്റ് സീറ്റുകളും ഡെമോക്രാറ്റുകൾ നേടി. ഭൂരിപക്ഷം ഉറപ്പാക്കാൻ അതു മതി;  ടെക്സസ്, കൻസാസ് സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്ന അവർ സെനറ്റ് പിടിച്ചെടുക്കുമെന്നു 'ന്യൂ യോർക്ക് ടൈംസ്' ഉറപ്പു പറഞ്ഞു.  

യുഎസ് ഹൗസിലും റിപ്പബ്ലിക്കൻ കോട്ടകൾ തകർത്തു മുന്നേറുകയാണ് ഡെമോക്രാറ്റുകൾ. റിപ്പബ്ലിക്കൻ പിടിയിൽ നിന്ന് ആറു സീറ്റുകൾ അവർ കൈക്കലാക്കി. അതിൽ മൂന്നെണ്ണം പെൻസിൽവേനിയയിൽ.

ജോർജിയ ഉൾപ്പെടെ പല ഗവർണർ സ്ഥാനങ്ങളും റിപ്പബ്ലിക്കൻ പിടിയിൽ നിന്നു വഴുതുന്നതാണ് കാഴ്ച.

ന്യൂ മെക്സിക്കോയിൽ ഡെമോക്രാറ്റ് ഡെബ് ഹാലാൻഡ് ആദ്യത്തെ നേറ്റിവ് അമേരിക്കൻ വനിതാ ഗവർണറായി. മുൻ ഇന്റീരിയർ സെക്രട്ടറിയായ അവർ ട്രംപിനെതിരെ ശക്തമായി ചെറുത്തു നിൽക്കുമെന്ന് വിജയാഘോഷത്തിലും ആവർത്തിച്ചു.  

ഫലങ്ങൾ അംഗീകരിക്കുന്നുവെന്നു പ്രസിഡന്റ് ട്രംപ് പറഞ്ഞു. "ഈ ഫലങ്ങൾ അംഗീകരിക്കാൻ ഞാൻ എന്തുകൊണ്ടും തയാറാണ്. ഡെമോക്രാറ്റുകൾക്കൊപ്പം പ്രവർത്തിക്കാൻ താത്പര്യപ്പെടുന്നു," അദ്ദേഹം ന്യൂ യോർക്ക് ടൈംസ് പത്രത്തോടു പറഞ്ഞു.  

Democrats ensure majority in both chambers 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക