Image

എ.പി. അനിൽകുമാർ കെപിസിസി പ്രസിഡന്‍റായേക്കും

Published on 03 November, 2026
എ.പി. അനിൽകുമാർ കെപിസിസി പ്രസിഡന്‍റായേക്കും

കെപിസിസി അധ്യക്ഷപദവിയിലേക്ക് പരിഗണിക്കുന്നവരില്‍ മന്ത്രി എപി അനില്‍കുമാര്‍ മുന്നില്‍. കൊടിക്കുന്നില്‍ സുരേഷ്, ടിഎന്‍ പ്രതാപന്‍, ബെന്നി ബെഹനാന്‍, ഷാഫി പറമ്പില്‍ എന്നിവരുടെ പേരാണ് ഇതുവരെ ഉയര്‍ന്നുകേട്ടിരുന്നത്. കെസി വേണുഗോപാലിന്റെ വിശ്വസ്തന്‍ എന്നതാണ് അനില്‍കുമാറിന് സാധ്യതയേറാന്‍ കാരണം. ഇനിയും ചര്‍ച്ചകള്‍ നടക്കാനുണ്ട്. ഈ മാസം അവസാനത്തോടെ ഹൈക്കമാന്‍ഡ് പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.

മുതിർന്ന നേതാവും എംപിയുമായ കൊടിക്കുന്നിൽ സുരേഷിന്റെ പേരും സജീവ പരിഗണനയിലുണ്ട്. ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ എന്നിവർക്കൊപ്പം ജോസഫ് വാഴയ്ക്കനും മാത്യു കുഴൽനാടനും അവസാനഘട്ട പ്രതീക്ഷയിലുണ്ട്.

കെ.സി. വേണുഗോപാലിന്റെ വിശ്വസ്തനായ അനിൽകുമാറിനെ അധ്യക്ഷനാക്കുന്നതിലൂടെ സംഘടനയിൽ ദലിത് പ്രാതിനിധ്യം ഉറപ്പാക്കാനും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പാർട്ടിയുടെ നിയന്ത്രണം ശക്തമാക്കാനും കഴിയുമെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. എന്നാൽ അനിൽകുമാർ അധ്യക്ഷനായാൽ മന്ത്രിസ്ഥാനം ഒഴിയേണ്ടിവരും. ഈ ഒഴിവിലേക്ക് മാത്യു കുഴൽനാടൻ ഉൾപ്പെടെയുള്ളവരെ പരിഗണിച്ചേക്കാം. 

രണ്ടര വർഷത്തിനുശേഷം മന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഐ.സി. ബാലകൃഷ്ണന് നേരത്തേ അവസരം ലഭിക്കാനുള്ള സാധ്യതയും ചർച്ചയിലുണ്ട്. 

അതേസമയം, കൊടിക്കുന്നിൽ സുരേഷിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ പിന്തുണയുണ്ടെന്നാണ് വിലയിരുത്തൽ. അനിൽകുമാറിന്റെ വരവോടെ മന്ത്രിസഭയിലും മാറ്റങ്ങളുണ്ടാകുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം.

യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പരസ്യമായി വിഡി സതീശനെ വിമര്‍ശിച്ചത് വിവാദമായിരുന്നു, കോണ്‍ഗ്രസിലും സര്‍ക്കാരിലും മുന്നണിയിലും മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന രീതിയില്‍ വിമര്‍ശനം ശക്തമാണ്. ഇത് പരിഹരിക്കാന്‍ മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്ന അഭിപ്രായമുണ്ട്. ജോസഫ് വാഴക്കന്‍ ഡല്‍ഹിയില്‍ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ട് ഇക്കാര്യം ബോധിപ്പിച്ചു


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക