
തിരുവനന്തപുരം വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാൾ മഹോത്സവവുമായി ബന്ധപ്പെട്ട് നഗരത്തിലും തീരദേശ മേഖലകളിലും ലഹരി പരിശോധനയും എക്സൈസ് നിരീക്ഷണവും കർശനമാക്കാൻ ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ നിർദേശം നൽകി. വെട്ടുകാട് മരിയൻ ഹാളിൽ ചേർന്ന യോഗത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ മന്ത്രി നൽകിയത്.
തിരുനാൾ മഹോത്സവവുമായി ബന്ധപ്പെട്ട് നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി കൂടുതൽ പാർക്കിങ് സ്ഥലങ്ങളും പള്ളിയുടെ സഹായത്തോടെ വീടുകളിൽ പാർക്ക് ചെയ്യുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തും.
തിരുനാളിനോട് അനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേകമായി 25 സർവീസുകൾ ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ അധിക സർവീസുകളും ഏർപ്പെടുത്തും. കൂടാതെ വെട്ടുകാട് പള്ളിയുടെ സമീപ പ്രദേശങ്ങളിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിൽ തീർക്കാനും മാലിന്യങ്ങൾ നീക്കം ചെയ്യാനും അതത് വകുപ്പുകൾക്ക് നിർദേശം നൽകി.
തിരുനാൾ മഹോത്സവവുമായി ബന്ധപ്പെട്ട് നഗരത്തിലും തീരദേശ മേഖലകളിലും ലഹരി പരിശോധനയും എക്സൈസ് നിരീക്ഷണവും കർശനമാക്കാൻ ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ നിർദേശം നൽകി. നഗരങ്ങളിലും തീരദേശ മേഖലകളിലും ലഹരിവസ്തുക്കളുടെയും നിരോധിത പാന്‍മസാലകളുടെയും ഉപയോഗവും വിൽപ്പനയും പൂർണമായി തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ഷാഡോ ടീമുകളെയും സ്‌ട്രൈക്കിങ് ഫോഴ്‌സിനെയും രംഗത്തിറക്കും. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി കൂടുതൽ വനിതാ പോലീസിനെയും മഫ്തി പോലീസിനെയും വിന്യസിക്കും.
പുനർഗേഹം പദ്ധതിയുമായി ബന്ധപ്പെട്ട് ഫ്ലാറ്റുകൾ ലഭിച്ചവരുടെ പഴയ വീടുകൾ പൊളിച്ചുനീക്കുന്ന നടപടികൾ ഊർജിതമാക്കാൻ യോഗത്തിൽ മന്ത്രി നിർദ്ദേശം നൽകി. ഫ്ലാറ്റുകൾ ലഭിച്ചിട്ടും പഴയ വീടുകൾ പൊളിച്ചുമാറ്റാത്തതുമൂലം അവിടെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും ലഹരി ഉപയോഗവും നടക്കുന്നത് തടയുക ലക്ഷ്യമിട്ടാണിത്. ഇത്തരം വീടുകൾ കണ്ടെത്തി അടിയന്തരമായി പൊളിച്ചുനീക്കാൻ ഫിഷറിസ് വകുപ്പിന് നിർദേശം നൽകി.