
മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയ സർക്കാർ നടപടിക്ക് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ സ്റ്റേ. വിനോദയാത്രയുമായി ബന്ധപ്പെട്ട് ചട്ടങ്ങൾ പാലിച്ചാണ് യാത്ര സംഘടിപ്പിച്ചതെന്നും തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രിൻസിപ്പൽ ട്രൈബ്യൂണലിനെ സമീപിച്ചത്.
കഴിഞ്ഞ ഞായറാഴ്ച 133 വിദ്യാർഥികളുമായി ഹൈദരാബാദിലേക്ക് വിനോദയാത്ര പോയ സംഘം മടങ്ങുന്നതിനിടെയാണ് പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണം ഉയർന്നത്. യാത്രയ്ക്കിടെ വിദ്യാർഥികൾ പ്രതിഷേധിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വീഡിയോ പ്രചരിച്ചതോടെ രക്ഷിതാക്കളും ഇരുവർക്കുമെതിരെ രംഗത്തെത്തി. സംഭവത്തിന് പിന്നാലെ ആരോപണവിധേയനായ പ്രിൻസിപ്പലിനെ വൈദ്യപരിശോധനയ്ക്കും വിധേയനാക്കി.
പരിശോധനയിൽ പ്രിൻസിപ്പൽ മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായതായാണ് ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ വിവാദത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് കാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ സ്ഥലംമാറ്റിയെന്നാണ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയടക്കമുള്ളവരുടെ ആരോപണം. സ്ഥലംമാറ്റ ഉത്തരവിനെതിരായ പ്രിൻസിപ്പലിന്റെ ഹർജി പരിഗണിച്ചാണ് ട്രൈബ്യൂണൽ നടപടി സ്റ്റേ ചെയ്തത്.