
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ വ്യാജ സ്റ്റിംഗ് ഓപ്പറേഷൻ വീഡിയോയ്ക്ക് പിന്നിൽ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയാണെന്ന് ആരോപണവുമായി ഗ്രേറ്റർ ബെംഗളൂരു ഡെവലപ്‌മെന്റ് മന്ത്രി കൃഷ്ണ ബെയ്‌രെ ഗൗഡ. കുമാരസ്വാമിയുടെ ഔദ്യോഗിക വസതി കേന്ദ്രീകരിച്ചാണ് ഇതിന്റെ ഗൂഢാലോചനയും പണമിടപാടുകളും നടന്നതെന്നും അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ടീമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും ബെയ്‌രെ ഗൗഡ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
സിദ്ധരാമയ്യയുടെ പ്രതിച്ഛായ തകർക്കുക, അതിന്റെ കുറ്റം മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ തലയിൽ കെട്ടിവെക്കുക എന്നതായിരുന്നു കുമാരസ്വാമിയുടെ ലക്ഷ്യമെന്ന് അദ്ദേഹം ആരോപിച്ചു. ഒരു വെടിക്ക് രണ്ടു പക്ഷി എന്ന കണക്കിലെടുത്ത രാഷ്ട്രീയ കുതന്ത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കേസുമായി ബന്ധപ്പെട്ട് ബെംഗളൂരു സിറ്റി പൊലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് അന്വേഷണം കുമാരസ്വാമിയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിലേക്കും വ്യാപിപ്പിച്ചു.
വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്യാൻ ഉപയോഗിച്ച ഫോൺ ഡൽഹിയിലെ കരോൾബാഗിൽ നിന്ന് വാങ്ങി കുമാരസ്വാമിയുടെ വസതിയിൽ വെച്ചാണ് കൈമാറിയതെന്ന് അറസ്റ്റിലായ പ്രതി റിതേഷ് പാണ്ഡെ മൊഴി നൽകിയിട്ടുണ്ട്. കുമാരസ്വാമിയുടെ സോഷ്യൽ മീഡിയ ടീം അംഗമായ പ്രജ്വൽ പ്രസാദിന്റെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിച്ചതെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.