
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായിരുന്ന 16 വിദ്യാർഥികളിൽ 12 പേരുടെ സസ്പെൻഷൻ പിൻവലിക്കാൻ സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം. എന്നാൽ മാപ്പപേക്ഷ നൽകിയാൽ മാത്രമേ ഇവരെ തിരിച്ചെടുക്കൂ എന്ന നിബന്ധനയും മുന്നോട്ടുവെച്ചിട്ടുണ്ട്.
ശ്യാംജിത്ത്, ശ്രദ്ധ, അഭിജിത്ത് കെ.വി, അർച്ചന എന്നിവരുടെ സസ്പെൻഷൻ പിൻവലിക്കില്ല. സസ്പെൻഷനിലിരിക്കെ ക്യാമ്പസിൽ പ്രവേശിച്ചെന്ന കാരണത്താലാണ് ഇവരുടെ നടപടി നീട്ടിയത്. രണ്ട് മാസത്തേക്കുകൂടി സസ്പെൻഷൻ കാലാവധി ദീർഘിപ്പിക്കാനും തീരുമാനിച്ചു.
തിരിച്ചെടുക്കാൻ തീരുമാനിച്ച 12 വിദ്യാർഥികളും മാപ്പപേക്ഷ എഴുതി വൈസ് ചാൻസലർക്ക് നൽകണമെന്നാണ് സിൻഡിക്കേറ്റിന്റെ നിർദേശം. സർവകലാശാലയിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് തീരുമാനം. വൈസ് ചാൻസലർ ഡോ. സിസ തോമസിനെ ശാരീരികമായി കയ്യേറ്റം ചെയ്തുവെന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് 16 വിദ്യാർഥികളെ 60 ദിവസത്തിലേറെയായി സസ്പെൻഷനിൽ നിർത്തിയിരിക്കുന്നത്.
എന്നാൽ മാപ്പപേക്ഷ നൽകി തിരിച്ചുകയറില്ലെന്ന നിലപാടിലാണ് എസ്എഫ്ഐ. മാപ്പ് എഴുതി നൽകുന്നത് ആർഎസ്എസിന്റെ രീതിയാണെന്നും അതിന് എസ്എഫ്ഐയെ കിട്ടില്ലെന്നും നേതാക്കൾ പ്രതികരിച്ചു. 16 പേരുടെയും സസ്പെൻഷൻ പിൻവലിക്കുന്നതുവരെ നിരാഹാര സമരം തുടരുമെന്നും എസ്എഫ്ഐ വ്യക്തമാക്കി.