
ഹൈദരാബാദ്: എസ്ഐആർ, ഇവിഎം വിഷയങ്ങളിൽ ചർച്ചയ്ക്ക് തയാറാണെന്ന് പ്രതിപക്ഷത്തോട് വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇവിഎമ്മുകൾ വഴിയാണ് ബിജെപി വിജയിക്കുന്നതെങ്കിൽ, തെലങ്കാനയിലും കേരളത്തിലും കോൺഗ്രസ് എങ്ങനെ വിജയിച്ചുവെന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസ് പാർട്ടിയുടെ 'വോട്ട് ബച്ചാവോ' (വോട്ട് സംരക്ഷിക്കൽ) റാലികളെയും അമിത് ഷാ വിമർശിച്ചു. ഹൈദരാബാദിൽ ബിജെപി സംഘടിപ്പിച്ച മഹാപദയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിസാം കോളജിൽ നിന്ന് ആരംഭിച്ച് മൊജാംജാഹി മാർക്കറ്റിലേക്ക് നീങ്ങിയ റാലിയില്‍ അമിത് ഷാ പങ്കെടുത്തു.
മൊജാംജാഹി മാർക്കറ്റിൽ നടന്ന ബിജെപി പൊതുയോഗത്തിൽ സംസാരിക്കവെ, കോൺഗ്രസിൻ്റെ നടപടികളിലുള്ള തൻ്റെ രോഷവും അമിത് ഷാ പ്രകടിപ്പിച്ചു. തെലങ്കാനയിൽ ബിജെപി സർക്കാർ വരണോ വേണ്ടയോയെന്നും അദ്ദേഹം ചോദിച്ചു. തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിനെ പുറത്താക്കാനും ജനാധിപത്യം സംരക്ഷിക്കാനും, അരാജകത്വം അവസാനിപിക്കാനും അദ്ദേഹം ആഹ്വാനം ചെയ്‌തു. സർദാർ പട്ടേൽ നിസാമിൻ്റെ നട്ടെല്ലൊടിച്ചതിന് ശേഷമാണ് ഹൈദരാബാദ് മോചിതമായതെന്ന് അമിത് ഷാ വിമർശിച്ചു.
"രേവന്ത് റെഡി തെലങ്കാനയെ കോൺഗ്രസ് പാർട്ടിയുടെ ഒരു എടിഎം ആക്കി മാറ്റിയിരിക്കുന്നു. ഇവിടെ രാഹുലും രേവന്തും ചേർന്ന് നികുതി പിരിക്കുകയാണ്. എവിടെയാണ് ഇആർആർ ടാക്‌സ് പോകുന്നത്? രാഹുലിന് വേണ്ടിയാണ് ഇവിടെ നികുതി പിരിക്കുന്നത്. കോൺഗ്രസിൻ്റെ അഴിമതി ഒവൈസി തടയുമോ? അതോ ബിആർഎസ് തടയുമോ? ബിജെപിക്ക് മാത്രമേ കോൺഗ്രസ് അഴിമതി തടയാൻ കഴിയൂ. തെലങ്കാനയിൽ നമ്മൾ ബിജെപി സർക്കാരിനെ പിന്തുണയ്ക്കണം," അമിത് ഷാ പറഞ്ഞു.