
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസിൽ ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നു. സർക്കാരിൽ സമൂലമായ അഴിച്ചുപണിയും പാർട്ടിയുടെ സംഘടനാ ഘടനയിൽ അടിയന്തര മാറ്റങ്ങളും ആവശ്യപ്പെട്ട് 18 മുതൽ 20 വരെ എം.എൽ.എമാർ പാർട്ടി പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയ്ക്കും മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്കും നിവേദനം സമർപ്പിച്ചു. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പാർട്ടി നേതൃത്വം അടിയന്തരമായി ഇടപെടണമെന്നാണ് എം.എൽ.എമാരുടെ പ്രധാന ആവശ്യം.
ഉപമുഖ്യമന്ത്രി സുരീന്ദർ കുമാർ ചൗധരി ഉൾപ്പെടെ നിലവിലുള്ള മന്ത്രിമാരിൽ മാറ്റം വരുത്തണമെന്നും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് നാസിർ അസ്ലം വാനിയെ ചുമതലയിൽ നിന്ന് നീക്കണമെന്നും എം.എൽ.എമാർ ആവശ്യപ്പെട്ടിട്ടുണ്ട്. വാട്ട്‌സ്ആപ്പ് വഴിയാണ് വിയോജിപ്പുള്ള എം.എൽ.എമാർ ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരിട്ട് കത്തയച്ചത്. ഈ നീക്കത്തെ ഒരു കലാപമായി കാണരുതെന്നും ഉത്തരവാദിത്തവും സംഘടനാപരിഷ്കാരങ്ങളും ഉറപ്പാക്കി സർക്കാരിനെയും പാർട്ടിയെയും ശക്തിപ്പെടുത്താനുള്ള ശ്രമമായി വിലയിരുത്തണമെന്നുമാണ് എം.എൽ.എമാരുടെ വാദം.
“ഞങ്ങൾ വിമതരല്ല, പാർട്ടിയെ കൂടുതൽ ഐക്യത്തോടെ മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്. സർക്കാരും പാർട്ടിയും ഏതാനും ചില വ്യക്തികളുടെ മാത്രം സ്വകാര്യ സ്വത്തായി മാറാൻ അനുവദിക്കാനാകില്ല,” എന്ന് അടച്ചിട്ട മുറിയിൽ നടന്ന ചർച്ചകളിൽ പങ്കെടുത്ത ഒരു എം.എൽ.എ പേര് വെളിപ്പെടുത്താതെ പറഞ്ഞു. ഒപ്പം, ആർട്ടിക്കിൾ 370, 35A എന്നിവയുടെ പുനഃസ്ഥാപനം സംബന്ധിച്ച് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് എം.എൽ.എമാർ ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രി ഒമർ അബ്ദുള്ള നടത്തിയ പുതിയ മന്ത്രിസഭാ വിപുലീകരണവും പുനഃസംഘടനയുമാണ് ജനപ്രതിനിധികൾക്കിടയിൽ നീരസം പുകയാൻ പ്രധാന കാരണമായത്. മുബാറക് ഗുൽ, അബ്ദുൾ മജീദ് ലാർമി, നസീർ ഗുരേസി എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് മന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന ആരോപണം ശക്തമാണ്.