
കണ്ണൂർ: മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരായ സാമ്പത്തിക അഴിമതി ആരോപണങ്ങളിൽ പിടിമുറുക്കി വിജിലൻസ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ മിന്നൽ പരിശോധന നടത്തിയ വിജിലൻസ് സംഘം 12 കോടിയിലധികം രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന ഫയലുകൾ കസ്റ്റഡിയിലെടുത്തു.
പൊതുമേഖലാ സ്ഥാപനമായ സിൽക്കിന് (സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ്) അനുവദിക്കുകയും, തുടർന്ന് ഉപകരാറായി കാർട്ടൺ ഇന്ത്യ എന്ന സ്വകാര്യ കമ്പനി ഏറ്റെടുത്ത് നടത്തുകയും ചെയ്ത പദ്ധതികളുടെ ഫയലുകളാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇതോടെ ഇടനിലക്കാരായി നിന്ന സിൽക്കിലെ ഉന്നതരിലേക്കും അന്വേഷണം നീളാൻ സാധ്യത തെളിഞ്ഞു.
ജില്ലാ പഞ്ചായത്തിൽ പിപി ദിവ്യ അധ്യക്ഷയായിരുന്ന കാലത്ത് പൊതുമേഖലാ സ്ഥാപനമായ സിൽക്കിന് 12 കോടിയിലധികം രൂപയുടെ പദ്ധതികൾ നേരിട്ട് അനുവദിക്കുകയായിരുന്നു. എന്നാൽ സർക്കാർ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി സിൽക്ക് ഈ ജോലികൾ കാർട്ടൺ ഇന്ത്യ എന്ന കമ്പനിക്ക് ഉപകരാറായി മറിച്ചുനൽകി. ഈ ക്രമക്കേടുകളിലൂടെ വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഫയലുകൾ വിശദമായി പരിശോധിക്കുന്നത്. കരാറുകൾ ഉറപ്പിച്ചതിലെ നടപടിക്രമങ്ങൾ, എസ്റ്റിമേറ്റിലെ തിരിമറികൾ, ഉദ്യോഗസ്ഥരുടെ പങ്ക് എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന പുരോഗമിക്കുന്നത്.
അതേസമയം, കേസ് വിജിലൻസ് കണ്ണൂർ യൂണിറ്റിന് കൈമാറിയതിനെതിരെ പരാതിക്കാരനായ കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് പരസ്യമായി രംഗത്തെത്തി. കണ്ണൂർ വിജിലൻസ് യൂണിറ്റിലെ സി.ഐ ബിനു മോഹന് പി.പി. ദിവ്യയുമായി അടുത്ത വ്യക്തിബന്ധമുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കൂടാതെ ദിവ്യയുടെ ബിനാമി കമ്പനിയെന്ന് സംശയിക്കുന്ന കാർട്ടൺ ഇന്ത്യയുമായി ബിനു മോഹന്റെ സഹോദരൻ ബിജു മോഹന് അടുത്ത ബിസിനസ് ബന്ധങ്ങളുണ്ടെന്നും ഷമ്മാസ് ചൂണ്ടിക്കാട്ടുന്നു