
കൊച്ചി: വിദേശയാത്രയ്ക്കായി ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ച മുന്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ശിക്ഷിക്കപ്പെട്ടതിനുശേഷം അസുഖമെന്ന് പറഞ്ഞ് ആശുപത്രിയില്‍ കഴിഞ്ഞയാള്‍ എങ്ങനെ വിദേശ ജോലിക്ക് പോകുമെന്ന് കോടതി ചോദിച്ചു.
'ജയിലില്‍ പോകുമ്പോള്‍ അസുഖം വരും, പുറത്തിറങ്ങുമ്പോള്‍ വിദേശത്തുപോയി ജോലി ചെയ്യണം' എന്ന് വ്യക്തമാക്കിയ ജസ്റ്റീസ് എ. ബദറുദ്ദീന്‍, കോടതിയില്‍ ഉള്ളവര്‍ക്കും ബുദ്ധിയുണ്ടെന്ന് തച്ചങ്കരി ഓര്‍ക്കണമെന്നും വിമര്‍ശിച്ചു.
തച്ചങ്കരിയുടെ ചികിത്സാ സംബന്ധമായ മുഴുവന്‍ വിവരങ്ങളും ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ കഴിഞ്ഞ മുഴുവന്‍കാലയളവിലെയും വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കാനാണ് ഉത്തരവ്. ഈ ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
2003 മുതല്‍ 2007 വരെയുള്ള കാലത്ത് ഔദ്യോഗിക പദവിയിലിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ച കേസില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 17-നാണ് കോട്ടയം വിജിലന്‍സ് കോടതി ടോമിന്‍ ജെ. തച്ചങ്കരിയെ ശിക്ഷിച്ചത്.
നാല് വര്‍ഷം കഠിന തടവും 30.84 ലക്ഷം രൂപ പിഴയുമായിരുന്നു വിജിലന്‍സ് കോടതി വിധിച്ചത്. തുടര്‍ന്ന് ഒക്ടോബര്‍ 15-ന് അപ്പീല്‍ തീര്‍പ്പാകുന്നതുവരെ വിജിലന്‍സ് കോടതിയുടെ ശിക്ഷ മരവിപ്പിച്ചുകൊണ്ട് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. ഈ ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ നടപടി.