Image

'അവര്‍ക്കെന്ത് ഇസ്ലാം'; പോക്സോ കേസില്‍ അറസ്റ്റിലായ മതപ്രഭാഷകന്‍ വസ്ത്രധാരണത്തിന്റെ പേരില്‍ നസ്രിയയെ വിമര്‍ശിച്ചയാള്‍

Published on 02 November, 2026
 'അവര്‍ക്കെന്ത് ഇസ്ലാം'; പോക്സോ കേസില്‍ അറസ്റ്റിലായ മതപ്രഭാഷകന്‍ വസ്ത്രധാരണത്തിന്റെ പേരില്‍ നസ്രിയയെ വിമര്‍ശിച്ചയാള്‍

 

കൊല്ലം: പോക്സോ കേസില്‍ അറസ്റ്റിലായ യൂട്യൂബറും മതപാഠശാല ഡയറക്ടറുമായ മുഹമ്മദ് നിയാസ് ജൗഹറി കൂടുതല്‍ പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയതായി പൊലീസിന് സംശയം. പ്രതിയുടെ മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിക്കും. മുഹമ്മദ് നിയാസ് ഡയറക്ടറായിട്ടുള്ള സ്ഥാപനം കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഓച്ചിറ മേമനയില്‍ ഹബീബിയ്യ ഇസ്ലാമിക് അക്കാദമി എന്ന സ്ഥാപനം നടത്തുകയാണ് ഇയാള്‍.

ഈ സ്ഥാപനം കേന്ദ്രീകരിച്ച് വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. ചുരുങ്ങിയ കാലങ്ങളില്‍ കോടികളുടെ ഇടപാടുകള്‍ നിയാസ് നടത്തിയെന്ന് അന്വേഷണസംഘം കണ്ടെത്തി. പണത്തിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം നടക്കും. ഇന്നലെയാണ് 16കാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ മുഹമ്മദ് നിയാസ് ജൗഹറി അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ പിതാവിന്റെ അമ്മയുടെ ദേഹത്ത് ബാധ കൂടിയെന്നും ഇത് ഒഴിപ്പിക്കാമെന്നും വിശ്വസിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയെയും മുത്തശ്ശിയെയും ഇയാള്‍ അല്‍ ഹബീബിയ ഇസ്ലാമിക് അക്കാദമിയില്‍ വിളിച്ചുവരുത്തി അവിടെവെച്ചും ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നും വിവിധയിടങ്ങളില്‍ എത്തിച്ചും പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

വസ്ത്രധാരണത്തിന്റെ പേരില്‍ നടി നസ്രിയ നസീമിനെ ഇയാള്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഒരു സിനിമാ നടി മോശം വസ്ത്രം ധരിച്ച് ഏതോ ഒരുപരിപാടിയില്‍ പങ്കെടുത്തു. അവര്‍ക്കെന്ത് ഇസ്ലാം. കള്ളുകുടിച്ച് മതിമറന്ന് ബോധമില്ലാതെ കിടക്കുന്നയാളോട് ബിസ്മി ചൊല്ലാത്തത് മോശമായിപ്പോയി എന്നായിരുന്നു മുഹമ്മദ് നിയാസിന്റെ വിമര്‍ശനം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക