Image

അച്ഛനെ തലയ്ക്കടിച്ചുകൊന്ന കേസില്‍ യുവാവിന് ജീവപര്യന്തം; സംഭവം മറച്ചുവെച്ച മുത്തച്ഛന് ആറുമാസം തടവും കാല്‍ലക്ഷം പിഴയും

Published on 02 November, 2026
 അച്ഛനെ തലയ്ക്കടിച്ചുകൊന്ന കേസില്‍ യുവാവിന് ജീവപര്യന്തം; സംഭവം മറച്ചുവെച്ച മുത്തച്ഛന് ആറുമാസം തടവും കാല്‍ലക്ഷം പിഴയും

മുട്ടം (ഇടുക്കി): പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. സംഭവം മറച്ചുവെച്ചതിന്, കൊല്ലപ്പെട്ടയാളുടെ പിതാവിനെയും കോടതി ശിക്ഷിച്ചു.

ഉടുമ്പന്‍ചോല കൂട്ടലാര്‍ ചൂരക്കാട്ടില്‍ വീട്ടില്‍ ബിജു(48)വിനെ കൊന്നകേസിലാണ് ഇടുക്കി ജില്ലാ മൂന്നാം അഡീഷണല്‍ കോടതി ജഡ്ജി എസ്.എസ്. സീന ശിക്ഷ വിധിച്ചത്. ബിജുവിന്റെ മകന്‍ ബിബിനെ(28)യും മുത്തച്ഛന്‍ ഗോപാലനെ(80)യുമാണ് ശിക്ഷിച്ചത്. ഗോപാലന് 25,000 രൂപ പിഴയും വിധിച്ചു.

ഇവരുടെ വീട്ടില്‍ 2019 ജൂലായ് 22-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിജുവും ബിബിനും മദ്യപരായിരുന്നു. വീട്ടില്‍ വഴക്കും പതിവായിരുന്നു. സംഭവദിവസം വഴക്കിനുശേഷം ബിജു കട്ടിലില്‍ കിടക്കുമ്പോള്‍ മരക്കഷണമുപയോഗിച്ച് തലയ്ക്കും നെറ്റിക്കും അടിച്ചു. അടിയേറ്റ് തലയോട്ടി തകര്‍ന്നു. സംഭവം മറച്ചുവെച്ച ഗോപാലന്‍ ബിജുവിനെ ആശുപത്രിയില്‍ കൊണ്ടുപോകാനോ വിവരം പുറത്തുപറയാനോ ശ്രമിച്ചില്ല.

അച്ഛനെ അടിച്ചിട്ടിട്ടുണ്ടെന്ന് ബിബിന്‍ ഒരു ബന്ധുവിനോട് പറഞ്ഞതിനെത്തുടര്‍ന്നാണ്, അവരെത്തി ബിജുവിനെ ആശുപത്രിയിലെത്തിച്ചത്. മധുര രാജാജി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരവേയാണ് മരിച്ചത്. ബിജു വീണുപരിക്കേറ്റതാണെന്നാണ് ഗോപാലന്‍ പോലീസിനോടുംമറ്റും പറഞ്ഞത്. മാത്രമല്ല, തെളിവുകള്‍ നഷ്ടമാക്കാനും ഗോപാലന്‍ ശ്രമിച്ചു.

ഉടുമ്പന്‍ചോല എസ്.എച്ച്.ഒ. എ. ഷൈന്‍കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോണി അലക്‌സ് ഹാജരായി. സിവില്‍ പോലീസ് ഓഫീസര്‍ എ. അനീറ്റ് ആയിരുന്നു പ്രോസിക്യൂഷന്‍ സഹായി. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക