
ചൊവാഴ്ച്ച നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ ഇരു സഭകളിലും ഭൂരിപക്ഷം നേടാനുള്ള സാധ്യത വളരെ ഉയർന്നു നിൽക്കുന്നുവെന്നു ഏറ്റവും പുതിയ ന്യൂ യോർക്ക് ടൈംസ്/സിയന്ന യൂണിവേഴ്സിറ്റി പോളിംഗിൽ കാണുന്നു.
അവസാന ദിവസങ്ങളിൽ ഡെമോക്രാറ്റുകൾ ഗണ്യമായ കരുത്തു നേടിയെന്നാണ് വിലയിരുത്തൽ. റിപ്പബ്ലിക്കൻ പാർട്ടിയുടെ കൈയിലുള്ള അഞ്ചു പോർക്കള സംസ്ഥാനങ്ങളിൽ അവർ മുന്നിട്ടു നിൽക്കുന്നു. ആറാമതൊരു സംസ്ഥാനത്തു നേരിയ ലീഡുമുണ്ട്.
ടെക്സസ്, കൻസാസ്, മെയ്ൻ, ഒഹായോ എന്നീ റിപ്പബ്ലിക്കൻ കോട്ടകൾ വീഴുന്നു എന്നതാണ് കാഴ്ച. അലാസ്കയിലും ഡെമോക്രാറ്റുകൾ വിജയം കാണുന്നു. അയോവയിൽ ആവട്ടെ, ഒപ്പത്തിനൊപ്പമാണ്.
അറബ് വംശജനായ അബ്ദുൾ എൽ സായിദ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായ മിഷിഗണിൽ അദ്ദേഹത്തെ തീവ്രവാദിയായി ചിത്രീകരിക്കാൻ പ്രസിഡന്റ് ട്രംപ് വരെ ശ്രമം നടത്തിയെങ്കിലും പാർട്ടിക്കു വേണ്ടി ആ സീറ്റ് നിലനിർത്താൻ സായിദിനു കഴിയുമെന്നാണ് കാണുന്നത്.
അങ്ങിനെയെങ്കിൽ ഡെമോക്രാറ്റുകൾക്കു സെനറ്റും പിടിച്ചെടുക്കാൻ കഴിയും. ഹൗസിന്റെ കാര്യം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞതാണ്.
ഇരു സഭകളും നഷ്ടമായാൽ ട്രംപിന് അധികാരത്തിൽ കടുത്ത പരിമിതികൾ ഉണ്ടാവും.
ടെക്സസിലും കൻസാസിലും ഡെമോക്രാറ്റുകൾക്കു ഗണ്യമായ ലീഡുണ്ട്. 1932നു ശേഷം ടെക്സസിലോ 1988നു ശേഷം കൻസസിലോ ഡെമോക്രാറ്റുകൾ സെനറ്റിലേക്കു ജയിച്ചിട്ടില്ല.
റിപ്പബ്ലിക്കൻ കെൻ പാക്സ്റ്റണെതിരെ ഡെമോക്രാറ്റ് ജെയിംസ് തലറിക്കൊ ടെക്സസിൽ 50-43% ലീഡ് നേടി. കൻസാസിൽ ഡെമോക്രാറ്റ് ക്രിസ് ഹാമിൽട്ടൺ റിപ്പബ്ലിക്കൻ സെനറ്റർ റോജർ മാർഷലിനെ പിന്നിലാക്കി. മെയ്നിൽ മുതിർന്ന റിപ്പബ്ലിക്കൻ സെനറ്റർ സൂസൻ കോളിൻസ് ഈ സർവേയിൽ ഡെമോക്രാറ്റ് ഗ്രെയം പ്ലാന്ററുടെ പിന്നിലാണ്.
ഒഹായോവിലെ സെനറ്റ് മത്സരത്തിൽ ഡെമോക്രാറ്റ് ഷെറോഡ് ബ്രൗൺ റിപ്പബ്ലിക്കൻ ജോൺ ഹസ്റ്റഡിനെ പിന്നിലാക്കിയതായാണ് സർവേ പറയുന്നത്.
അലാസ്‌കയിൽ ഡെമോക്രാറ്റ് മേരി പെൽടോളയ്ക്കു റിപ്പബ്ലിക്കൻ സെനറ്റർ ഡാൻ സള്ളിവന്റെ മേൽ ലീഡുണ്ട്.
മിഷിഗണിൽ സായിദിനു റിപ്പബ്ലിക്കൻ റോഗേഴ്സിനെതിരെ 53-42% ലീഡ് ഉണ്ടെന്നാണ് ഈ സർവേ പറയുന്നത്. ജയിച്ചാൽ സായിദ് യുഎസ് സെനറ്റിലെ ആദ്യ അറബ് വംശജനാവും.
നിലവിലുള്ള സീറ്റുകൾക്കു പുറമെ നാലു സീറ്റ് പിടിച്ചാൽ ഡെമോക്രാറ്റുകൾക്കു സെനറ്റിൽ ഭൂരിപക്ഷം നേടാം. റിപ്പബ്ലിക്കൻ പാർട്ടി ജയിച്ചു വരുന്ന സീറ്റുകൾ എന്ന നിലയ്ക്ക് അതൊരു വെല്ലുവിളിയാണ്. ട്രംപിന്റെ നയങ്ങളോടുള്ള ജനരോഷം ആളിക്കത്തുന്നു എന്നാണ് വിലയിരുത്തൽ. അത് ഡെമോക്രാറ്റുകൾക്കു പ്രയോജനപ്പെടുമെന്നും.
ഏഴു സംസ്ഥാനങ്ങളിൽ നടത്തിയ സർവേയിൽ ട്രംപിനു കണ്ട ജനപിന്തുണ 38% മാത്രമാണ്. ഇതെല്ലാം വൻ ഭൂരിപക്ഷത്തിൽ ട്രംപ് 2024ൽ ജയിച്ചതാണ്.
Democrats seen poised to take Senate