
കോഴിക്കോട് : യുവജനങ്ങള്‍ക്കായി വിവാഹ രജിസ്ട്രേഷന്‍ ക്യാമ്പ് നടത്തുന്നുവെന്ന അറിയിപ്പ് സാമൂഹിക മാധ്യമങ്ങളിലിടുമ്പോള്‍ കാരന്തൂര്‍ ഹരഹര മഹാദേവക്ഷേത്രം ഭാരവാഹികള്‍ പ്രതീക്ഷിച്ചത് പരമാവധി ആയിരംപേരെ. പക്ഷേ, എത്തിയത് ഏഴായിരം പേര്‍.
കരുതിയ 1,500 ഫോം ചൂടപ്പംപോലെ തീര്‍ന്നപ്പോള്‍ കമ്മിറ്റിക്കാര്‍ അന്ധാളിച്ചു. ഫോമിന്റെ ഫോട്ടോകോപ്പി ഒപ്പിക്കാന്‍ നെട്ടോട്ടമോടി. രജിസ്‌ട്രേഷനെത്തിയവരുടെ വരി ക്ഷേത്രവളപ്പും കഴിഞ്ഞ് ദേശീയപാതയിലെ രണ്ടു ബസ് സ്റ്റോപ്പുകള്‍താണ്ടി. റോഡില്‍ കൂട്ടത്തിരക്കായതോടെ നിയന്ത്രിക്കാന്‍ പോലീസെത്തി.
സൗജന്യ രജിസ്‌ട്രേഷന്‍ക്യാമ്പിന്റെ നോട്ടീസ് രണ്ടാഴ്ച മുന്‍പാണ് പുറത്തുവിട്ടത്. വാട്‌സാപ്പ്, ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലൂടെ നോട്ടീസ് ജില്ലകള്‍കടന്ന് പറപറന്നു. വിദൂരജില്ലകളില്‍നിന്നുപോലും ആളുകള്‍ ഞായറാഴ്ച പുലര്‍ച്ചെതന്നെ േക്ഷത്രത്തിലെത്തി. ഒന്‍പതുമണിക്കാണ് ക്യാന്പ് തുടങ്ങാനിരുന്നത്. ആള്‍ത്തിരക്ക് കണക്കിലെടുത്ത് ഏഴുമുതല്‍ ഫോം കൊടുത്തുതുടങ്ങി.
കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത് ഒന്പതുമണിയോടെ ഉദ്ഘാടനത്തിനെത്തുമ്പോഴേക്കും ക്ഷേത്രപരിസരം ജനനിബിഡം. ഒരുമണിക്ക്
അവസാനിപ്പിക്കാനിരുന്ന ക്യാന്പ് സന്ധ്യകഴിഞ്ഞും തുടരേണ്ടിവന്നു. രജിസ്റ്റര്‍ചെയ്യുന്നവരുെട പട്ടിക തയ്യാറാക്കി അപേക്ഷകര്‍ക്ക് കൈമാറാനാണ് ക്ഷേത്രഭാരവാഹികള്‍ ലക്ഷ്യമിട്ടിട്ടുള്ളത്.
അപേക്ഷകരില്‍ 80 ശതമാനവും പുരുഷന്മാരാണ്. 30-നുമുകളില്‍ പ്രായമുള്ള യുവാക്കളാണ് വധുവിനെത്തേടി കാത്തിരിക്കുന്നവരില്‍ ഏറെയും.
സ്ത്രീ അപേക്ഷകരില്‍ കൂടുതല്‍പ്പേരും രണ്ടാം വിവാഹം നോക്കുന്നവരും. 'ഒരുപാടന്വേഷിച്ചു, ഒന്നും ശരിയായില്ല. മോന് യോജിച്ച പെണ്‍കുട്ടിയെ ഇങ്ങനെയെങ്കിലും കണ്ടെത്താനാലോയെന്നു കരുതിയാണ് മൂന്നുമണിക്കൂര്‍ കാത്തുനിന്ന് അപേക്ഷ നല്‍കിയത്' - കുരുവട്ടൂര്‍ സ്വദേശിനി പറഞ്ഞു.