
ജയ്പൂർ: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വിപണിമൂല്യത്തേക്കാൾ തുച്ഛമായ തുകയ്ക്ക് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും ഐപിഎസ് ഉദ്യോഗസ്ഥയായ ഭാര്യയും കോടികളുടെ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയതായി കണ്ടെത്തൽ. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശിഖർ അഗർവാൾ, ഭാര്യയും ഐപിഎസ് ഉദ്യോഗസ്ഥയുമായ പ്രശാഖ മാത്തൂർ എന്നിവർക്കെതിരെയാണ് ഗുരുതര ആരോപണമുയർന്നിരിക്കുന്നത്. രണ്ടര വർഷത്തിനിടെ ഇരുവരും ബന്ധുക്കളും ചേർന്ന് 40 വില്ലകൾ സ്വന്തമാക്കിയെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്താൻ രാജസ്ഥാൻ സർക്കാർ ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് (എസിബി) കർശന നിർദ്ദേശം നൽകി.
ഉദയ്പൂരിലെ ബുജ്ദയിൽ വാങ്ങിയ 20 വില്ലകളിൽ പത്തെണ്ണം ശിഖർ അഗർവാളിന്റെ പേരിലും പത്തെണ്ണം പ്രശാഖ മാത്തൂറിന്റെ പേരിലുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഓരോ വില്ലയ്ക്കും വിപണിമൂല്യത്തിന് തീർത്തും നിരക്കാത്ത വിധം 15 ലക്ഷം രൂപ മാത്രമാണ് രജിസ്ട്രേഷൻ രേഖകളിൽ കാണിച്ചിരിക്കുന്നത്. ഇതിനുപുറമെ അൽവാറിൽ വാങ്ങിയ എട്ട് വില്ലകൾ നാലെണ്ണം വീതം ഇരുവരുടെയും പേരിൽ 15 ലക്ഷം മുതൽ 16.5 ലക്ഷം രൂപ വരെ നിരക്കിലാണ് രജിസ്റ്റർ ചെയ്തത്. ഇത്തരത്തിൽ രണ്ടു മേഖലകളിലുമായി ഇരുവരുടെയും ഉടമസ്ഥതയിലുള്ള 40 വില്ലകൾക്ക് ഔദ്യോഗിക രേഖകളിലെ കുറഞ്ഞ മൂല്യം അനുസരിച്ചുപോലും 6.16 കോടി രൂപയുടെ ആസ്തി കണക്കാക്കുന്നുണ്ടെങ്കിലും, യഥാർത്ഥ വിപണിമൂല്യം ഇതിന്റെ എത്രയോ ഇരട്ടിയാണെന്നാണ് വിലയിരുത്തൽ.
ഉദയ്പുർ ജില്ലാ കലക്ടർ, രാജസ്ഥാൻ മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ, വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി തുടങ്ങിയ സുപ്രധാന പദവികൾ ശിഖർ അഗർവാൾ വഹിച്ചിട്ടുണ്ട്. വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരിക്കെ ഹോസ്പിറ്റാലിറ്റി മേഖലയിലെ ചില പ്രമുഖ കമ്പനികൾക്ക് ചട്ടവിരുദ്ധമായി വൻ ഇളവുകൾ അനുവദിക്കുകയും റിസോർട്ട് നിർമ്മാണ മാനദണ്ഡങ്ങളിൽ അനധികൃതമായി ഇളവ് നൽകുകയും ചെയ്തതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. അഗർവാളിന്റെ ഇത്തരം വഴിവിട്ട ഇടപെടലുകളിലൂടെ സംസ്ഥാന സർക്കാരിന് ഗണ്യമായ സാമ്പത്തിക നഷ്ടമുണ്ടായതായാണ് എസിബിയുടെ കണ്ടെത്തൽ.