Image

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'ഇന്ത്യ' സഖ്യത്തിന്റെ മഹാറാലി ഇന്ന്; തലസ്ഥാനത്ത് കനത്ത സുരക്ഷ

Published on 01 November, 2026
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'ഇന്ത്യ' സഖ്യത്തിന്റെ മഹാറാലി ഇന്ന്; തലസ്ഥാനത്ത് കനത്ത സുരക്ഷ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ 'ഇന്ത്യ' സഖ്യം സംഘടിപ്പിക്കുന്ന മഹാറാലി ഇന്ന് രാജ്യതലസ്ഥാനത്ത് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് കൊണാട്ട് പ്ലേസിൽ നിന്ന് ആരംഭിക്കുന്ന റാലി ചരിത്രപ്രസിദ്ധമായ രാംലീലാ മൈതാനിയിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. വോട്ട് കൊള്ളയ്ക്കെതിരെ ശക്തമായ പ്രതിരോധമുയർത്തി പ്രതിപക്ഷ സഖ്യം നടത്തുന്ന ഏറ്റവും വലിയ പ്രക്ഷോഭത്തിൽ പത്ത് ലക്ഷത്തോളം പേർ അണിനിരക്കുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. കേരളത്തിൽ നിന്നടക്കം പതിനായിരക്കണക്കിന് പ്രവർത്തകരും നേതാക്കളും ഇതിനകം തന്നെ ഡൽഹിയിലെത്തിക്കഴിഞ്ഞു. പരിപാടിയുടെ പശ്ചാത്തലത്തിൽ നാലായിരത്തോളം പൊലീസുകാരെ വിന്യസിച്ച് രാംലീലാ മൈതാനത്തും പരിസരങ്ങളിലും അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

​ആൾക്കൂട്ട നിയന്ത്രണം, പ്രസംഗങ്ങൾ, ഗതാഗതം, സമയക്രമം എന്നിവയുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കർശന ഉപാധികളോടെയാണ് റാലിക്ക് അനുമതി നൽകിയിരിക്കുന്നത്. വേദി, പ്രവേശന കവാടങ്ങൾ, ഇരിപ്പിടങ്ങൾ, മൈതാനത്തിന്റെ ചുറ്റുവട്ടങ്ങൾ എന്നിവിടങ്ങളിൽ അത്യാധുനിക എച്ച്ഡി ക്യാമറകൾ സ്ഥാപിച്ച് പ്രത്യേക കൺട്രോൾ റൂം വഴി നിരീക്ഷണം നടത്താൻ സംഘാടകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കുടിവെള്ള ടാങ്കറുകൾ, സ്ത്രീകൾക്കായി പ്രത്യേക സൗകര്യങ്ങളോടുകൂടിയ ശൗചാലയങ്ങൾ, തിരിച്ചറിയൽ ബാഡ്ജോ പ്രത്യേക വസ്ത്രമോ ധരിച്ച സന്നദ്ധപ്രവർത്തകർ എന്നിവരുടെ സേവനം ഉറപ്പാക്കാനും സംഘാടകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

​വൈകിട്ട് അഞ്ച് മണിയോടെ റാലിയും പൊതുസമ്മേളനവും അവസാനിപ്പിച്ച് മൈതാനം ഒഴിയണമെന്നും ഒരു കാരണവശാലും പരിപാടി നീട്ടാൻ അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. റാലിക്ക് മുമ്പോ ശേഷമോ ആളുകൾ മൈതാനത്ത് രാത്രി തങ്ങാൻ പാടില്ല. ട്രാഫിക് പൊലീസ് നിർദ്ദേശിച്ച ഇടങ്ങളിൽ മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാവൂ എന്നും രാംലീലാ മൈതാനത്തിന് പുറത്തേക്ക് മറ്റ് മാർച്ചുകൾ നടത്തരുതെന്നും കർശന നിർദ്ദേശമുണ്ട്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതെ സമാധാനപരമായി റാലി പൂർത്തിയാക്കാൻ സംഘാടകർ പൂർണ്ണ ഉത്തരവാദിത്തം വഹിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക