Image

തലസ്ഥാനത്തെ കാഴ്ചക്കാരുടെ പ്രിയങ്കരൻ 'ശംഭു' വിടവാങ്ങി; തിരുവനന്തപുരം മൃഗശാലയിലെ അവസാന കാണ്ടാമൃഗവും ഓർമ്മയായി

Published on 01 November, 2026
തലസ്ഥാനത്തെ കാഴ്ചക്കാരുടെ പ്രിയങ്കരൻ 'ശംഭു' വിടവാങ്ങി; തിരുവനന്തപുരം മൃഗശാലയിലെ അവസാന കാണ്ടാമൃഗവും ഓർമ്മയായി

തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടിലേറെയായി തിരുവനന്തപുരം മൃഗശാലയിലെ പ്രധാന ആകർഷണമായിരുന്ന അവസാനത്തെ ഇന്ത്യൻ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം 'ശംഭു' (ജാദു-39) ഓർമ്മയായി. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. 1993 മെയ് 19-ന് അസമിലെ ഗുവാഹത്തി സുവോളജിക്കൽ പാർക്കിൽ നിന്നാണ് ജാദു എന്ന കാണ്ടാമൃഗത്തെ തലസ്ഥാനത്തെത്തിച്ചത്. സ്നേഹത്തോടെ ജീവനക്കാരും സന്ദർശകരും 'ശംഭു' എന്ന് വിളിച്ചുപോന്ന ഈ കാണ്ടാമൃഗം തലസ്ഥാനത്തെ മൃഗശാലാ സന്ദർശകരുടെ പ്രധാന ഹരമായിരുന്നു. 2008-ൽ ഇവിടെയുണ്ടായിരുന്ന മറ്റൊരു കാണ്ടാമൃഗം ചത്തതോടെ മൃഗശാലയിൽ അവശേഷിച്ചിരുന്ന ഒരേയൊരു ഒറ്റക്കൊമ്പൻ കാണ്ടാമൃഗമായിരുന്നു ശംഭു.

​വാർദ്ധക്യസഹജമായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശംഭു പ്രത്യേക പരിചരണത്തിലും നിരീക്ഷണത്തിലുമായിരുന്നു. സാധാരണയായി ഇന്ത്യൻ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ശരാശരി ആയുസ്സ് 35 മുതൽ 40 വർഷം വരെയാണെന്ന് അധികൃതർ വ്യക്തമാക്കി. മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ, പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെ പത്തോളജിസ്റ്റ് ഡോ. ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ശനിയാഴ്ച വൈകുന്നേരത്തോടെ ഭൗതികശരീരം മൃഗശാല വളപ്പിൽ തന്നെ സംസ്കരിച്ചു.

​പ്രായമേറിയ മൃഗങ്ങളിൽ സാധാരണയായി കണ്ടുവരുന്ന 'ഡൈലേറ്റഡ് കാർഡിയോമയോപ്പതി' എന്ന ഹൃദയസംബന്ധമായ അസുഖമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. പ്രായം ഏറിയതിനെത്തുടർന്ന് ഹൃദയപേശികൾക്കുണ്ടാകുന്ന തേയ്മാനവും ബലക്ഷയവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഡോ. നികേഷ് കിരൺ അറിയിച്ചു. ശംഭുവിന്റെ വിയോഗത്തോടെ തിരുവനന്തപുരം മൃഗശാലയിലെ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ സാന്നിധ്യത്തിനാണ് ഇതോടെ വിരാമമായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക