
കൊച്ചി: രാജ്യത്തെ ഏതൊരു പൗരനും മരണാനന്തരം അന്തസ്സോടെയുള്ള സംസ്കാരത്തിന് അർഹതയുണ്ടെന്നും സ്വത്ത് തർക്കങ്ങളുടെയോ കുടുംബ കലഹങ്ങളുടെയോ പേരിൽ അത് തടസ്സപ്പെടുത്താൻ ആർക്കും അവകാശമില്ലെന്നും കേരള ഹൈക്കോടതി. യുഎഇയിൽ വെച്ച് 2025-ൽ മരിച്ച 71-കാരന്റെ മൃതദേഹം കുടുംബതർക്കത്തെ തുടർന്ന് ഒന്നര വർഷത്തിലേറെയായി മോർച്ചറിയിൽ സൂക്ഷിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ സുപ്രധാന ഉത്തരവ്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ ഏതൊരു ഭൗതികശരീരവും അന്തസ്സോടെ അന്ത്യവിശ്രമം കൊള്ളുന്നുവെന്ന് ഉറപ്പാക്കാൻ ഭരണകൂടത്തിനും കോടതിക്കും ഉത്തരവാദിത്തമുണ്ടെന്നും, സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ പ്രകാരം മരിച്ചവർക്കും അന്തസ്സോടെയുള്ള യാത്രയയപ്പ് ഭരണഘടനാപരമായ അവകാശമാണെന്നും കോടതി നിരീക്ഷിച്ചു.
സ്വത്തുക്കൾക്ക് വേണ്ടിയുള്ള അവകാശവാദങ്ങൾ ബന്ധപ്പെട്ട സിവിൽ കോടതികളിലാണ് തീർപ്പാക്കേണ്ടതെന്നും, അത്തരം കലഹങ്ങൾ മാന്യമായ സംസ്കാരം വൈകിപ്പിക്കാൻ ന്യായീകരണമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ബന്ധുക്കൾ പരാജയപ്പെടുമ്പോൾ സമൂഹവും, സമൂഹം പരാജയപ്പെടുമ്പോൾ ഭരണകൂടവുമാണ് പൗരന് അന്തസ്സുള്ള സംസ്കാരം നൽകാൻ മുന്നോട്ടുവരേണ്ടത്. ഹർജിക്കാരൻ ചെലവുകൾ വഹിച്ച് മൃതദേഹം അടിയന്തരമായി നാട്ടിലെത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനും കോടതി നിർദ്ദേശം നൽകി. മൃതദേഹം നാട്ടിലെത്തിച്ച് ഏറ്റുവാങ്ങി നാല് ദിവസത്തിനകം മതപരമായ ചടങ്ങുകളോടെ ശാസ്താംകോട്ട സെന്റ് ആൻഡ്രൂസ് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യാനാണ് അനുമതി.
സംസ്കാര ചടങ്ങുകൾ സമാധാനപരമായി പൂർത്തിയാക്കാൻ കർശന സുരക്ഷാ നിർദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. എതിർകക്ഷികൾക്ക് ചടങ്ങിൽ പങ്കെടുക്കാമെങ്കിലും യാതൊരുവിധ ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടാക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി. ചടങ്ങുകൾ തടസ്സമില്ലാതെ നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ശാസ്താംകോട്ട, തെക്കുംഭാഗം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒമാർക്ക് ചുമതല നൽകി. കൂടാതെ, മൃതദേഹം നാട്ടിലെത്തിക്കുന്നത് മുതൽ സംസ്കാരം നടക്കുന്നത് വരെ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർക്കും ഹൈക്കോടതി ഉത്തരവ് നൽകിയിട്ടുണ്ട്.