Image

പാർട്ടി ഓഫീസിൽ മൈക്ക് സ്റ്റാൻഡും സ്റ്റീൽ റോഡും കൊണ്ട് ക്രൂരമർദനം; എസ്എഫ്ഐ ജില്ലാ നേതൃത്വത്തിനെതിരെ ജോയിന്റ് സെക്രട്ടറി

Published on 01 November, 2026
പാർട്ടി ഓഫീസിൽ മൈക്ക് സ്റ്റാൻഡും സ്റ്റീൽ റോഡും കൊണ്ട് ക്രൂരമർദനം; എസ്എഫ്ഐ ജില്ലാ നേതൃത്വത്തിനെതിരെ ജോയിന്റ് സെക്രട്ടറി

കൽപ്പറ്റ: എസ്എഫ്ഐ വയനാട് ജില്ലാ നേതൃത്വത്തിനെതിരെ ക്രൂരമർദന ആരോപണവുമായി സംഘടനയുടെ ജില്ലാ ജോയിന്റ് സെക്രട്ടറി സായന്ത് രംഗത്ത്. ഒക്ടോബർ 12-ന് വൈകുന്നേരം പുൽപ്പള്ളി പാർട്ടി ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ച് എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആദർശ്, സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവുമായ സാന്ദ്ര രവീന്ദ്രൻ, പുൽപ്പള്ളി ഏരിയ സെക്രട്ടറി അരുൺ തമ്പി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആദിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തന്നെ മൈക്ക് സ്റ്റാൻഡും സ്റ്റീൽ റോഡും ഉപയോഗിച്ച് അതിക്രൂരമായി മർദിച്ചെന്നാണ് സായന്ത് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തിയത്.

​സംഭവം നടന്ന് 19 ദിവസങ്ങൾ പിന്നിട്ടിട്ടും കുറ്റക്കാർക്കെതിരെ സംഘടനാ തലത്തിൽ ഒരു നടപടിയും ഉണ്ടാകാത്തതിനാലാണ് വിവരം പരസ്യമാക്കാൻ നിർബന്ധിതനായതെന്ന് സായന്ത് വ്യക്തമാക്കി. ക്രൂരമർദന വിവരം പുറത്തുപറഞ്ഞതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നേതാക്കൾ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും ഇദ്ദേഹം ആരോപിച്ചു. പൂക്കോട് വെറ്ററിനറി കോളേജിൽ ആൾക്കൂട്ട വിചാരണയ്ക്കിരയായി മരിച്ച സിദ്ധാർത്ഥന്റെ അവസ്ഥ തനിക്കും വരുമോ എന്ന് ഭയക്കുന്നുണ്ടെന്നും സായന്ത് തുറന്നടിച്ചു. ഇതിനിടെ സായന്തിനെ എസ്എഫ്ഐ നേതാക്കൾ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

​രണ്ട് ക്യാമ്പസുകളിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘടനയെ വിജയിപ്പിച്ചെടുത്തിട്ടും ജില്ലാ നേതൃത്വത്തിൽ നിന്ന് അവഗണനയും അനീതിയുമാണ് നേരിടേണ്ടി വന്നതെന്നും സായന്ത് പറഞ്ഞു. സംഘടനയോടുള്ള വിശ്വാസം പൂർണമായും നഷ്ടപ്പെട്ടു. പ്രസ്ഥാനത്തെ കരുതിയാണ് ഇത്രയും നാൾ പരിക്കുകളും വേദനകളും ഒതുക്കിപ്പിടിച്ചതെന്നും എന്നാൽ ഇനിയും നിശബ്ദനായിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടനയുടെ ഉയർന്ന ഘടകത്തിൽ പ്രവർത്തിക്കുന്ന തനിക്ക് ഈ ഗതി വന്നുവെങ്കിൽ നാളെ മറ്റൊരു സാധാരണ വിദ്യാർത്ഥിക്കും ഈ ദുരവസ്ഥ ഉണ്ടാകരുതെന്ന ബോധ്യത്തോടെയാണ് താൻ പോരാട്ടത്തിനിറങ്ങുന്നതെന്നും സായന്ത് വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക