
കണ്ണൂർ: മുൻമന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിച്ചു. റെയിൽവേ സ്റ്റേഷനിൽ നടന്നത് സാധാരണ പ്രതിഷേധം മാത്രമായിരുന്നുവെന്നും പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്തുപോലും എത്താൻ സാധിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവത്തെ പെരുപ്പിച്ചു കാട്ടുകയാണ് ഉണ്ടായതെന്നും കള്ളമൊഴി നൽകിയ ഗൺമാനടക്കമുള്ളവർക്കെതിരെയുള്ള തുടർനടപടികൾ ഡി.ജി.പിയുടെ വിവേചനാധികാരം ഉപയോഗിച്ച് തീരുമാനിക്കാമെന്നും റിപ്പോർട്ടിലുണ്ട്. ഇതോടെ കെ.എസ്.യു പ്രവർത്തകർക്കെതിരെ ചുമത്തിയ വധശ്രമക്കേസ് അട്ടിമറിക്കപ്പെട്ടതാണെന്ന വാദം ബലപ്പെട്ടു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ മന്ത്രിയുടെ ഗൺമാൻ അഭിലാഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നത്. ആയുധമുപയോഗിച്ച് മന്ത്രിയെ ആക്രമിക്കാൻ ശ്രമിക്കുന്നത് കണ്ടുവെന്നായിരുന്നു ആദ്യ മൊഴിയെങ്കിലും, പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഗൺമാൻ ഇത് പൂർണ്ണമായി തിരുത്തി. താൻ അങ്ങനെയൊരു ആക്രമണം കണ്ടിട്ടില്ലെന്നും മന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് അന്ന് വ്യാജമൊഴി നൽകിയതെന്നുമാണ് അഭിലാഷ് എസ്.ഐ.ടിയോട് തുറന്നുപറഞ്ഞത്.
കേസിൽ നിർണായക പങ്കുവഹിച്ച കണ്ണൂർ ടൗൺ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ ദീപ്തിയുടെ മൊഴിയും പ്രോസിക്യൂഷൻ വാദങ്ങളെ തള്ളിപ്പറയുന്നതാണ്. തന്റെ പേരിൽ ആദ്യം വ്യാജ മൊഴി തയ്യാറാക്കുകയായിരുന്നുവെന്നും മന്ത്രിയെ ആരും ആക്രമിക്കുന്നത് നേരിട്ട് കണ്ടിട്ടില്ലെന്നും എസ്.ഐ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, സംഭവത്തിന് പിന്നാലെ കണ്ണൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കപ്പെട്ട വീണാ ജോർജിന് പുറത്തുകാണത്തക്ക പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഡോക്ടർമാർ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. പോലീസിലെയും ആരോഗ്യവകുപ്പിലെയും പ്രധാന സാക്ഷികൾ തന്നെ മുൻനിലപാടുകൾ തള്ളിയതോടെ കേസ് പൂർണ്ണമായും പൊളിഞ്ഞിരിക്കുകയാണ്.