Image

കേരളത്തിന്റെ വികസനം ഇന്ത്യയുടെ പുരോഗതിക്ക് അനിവാര്യം; കേരളപ്പിറവി ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on 01 November, 2026
കേരളത്തിന്റെ വികസനം ഇന്ത്യയുടെ പുരോഗതിക്ക് അനിവാര്യം; കേരളപ്പിറവി ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: കേരളം രൂപീകൃതമായി ഏഴു പതിറ്റാണ്ട് പൂർത്തിയാക്കുന്ന വേളയിൽ സംസ്ഥാനത്തിന് ഹൃദ്യമായ കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിക്ക് അയച്ച പ്രത്യേക സന്ദേശത്തിലാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. മുഖ്യമന്ത്രിയെന്ന നിലയിൽ താങ്കളുടെ ആദ്യ കേരളപ്പിറവിയാണിതെന്നും സംസ്ഥാനത്തെ കൂടുതൽ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കുന്ന പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നേരുന്നതായും അദ്ദേഹം വ്യക്തമാക്കി. വികസിത ഭാരതം എന്ന സ്വപ്നം യാഥാർത്ഥ്യമാകണമെങ്കിൽ കേരളത്തിന്റെ വികസനം അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ച പ്രധാനമന്ത്രി, സംസ്ഥാനത്തിന്റെ തനത് സംസ്കാരത്തെയും ജനങ്ങളുടെ നിശ്ചയദാർഢ്യത്തെയും പ്രകൃതിഭംഗിയെയും പ്രശംസിച്ചു.

​കേരളത്തിന്റെ സാംസ്കാരിക നവോത്ഥാന പാരമ്പര്യത്തെയും ആഗോളതലത്തിൽ മലയാളി സമൂഹം നൽകുന്ന സംഭാവനകളെയും പ്രധാനമന്ത്രി സന്ദേശത്തിൽ അനുസ്മരിച്ചു. ആദിശങ്കരാചാര്യർ മുതൽ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, മഹാത്മാ അയ്യങ്കാളി, മന്നത്ത് പത്മനാഭൻ, കുര്യാക്കോസ് ഏലിയാസ് ചാവറ, ദാക്ഷായണി വേലായുധൻ വരെയുള്ള നവോത്ഥാന നായകരുടെ ദർശനങ്ങൾ രാജ്യത്തിന് ദിശാബോധം നൽകിയവയാണെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ-ഗവേഷണ രംഗങ്ങളിൽ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന മലയാളികൾ ഇന്ത്യയുടെ മാനവശേഷിയുടെ ഏറ്റവും മികച്ച മാതൃകയാണെന്നും, 'വിദ്യകൊണ്ട് പ്രബുദ്ധരാകുക, സംഘടനകൊണ്ട് ശക്തരാകുക, വ്യവസായംകൊണ്ട് സമ്പന്നരാകുക' എന്ന ഗുരുവചനങ്ങളെ പ്രാവർത്തികമാക്കുന്നവരാണ് മലയാളികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

​സംസ്ഥാനത്ത് കേന്ദ്ര സർക്കാർ നടപ്പിലാക്കിവരുന്ന വൻകിട വികസന പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ദേശീയപാത 66-ന്റെ വികസനം, വന്ദേഭാരത് സർവീസുകൾ, അമൃത് ഭാരത് സ്റ്റേഷൻ നവീകരണം എന്നിവ സംസ്ഥാനത്തിന്റെ ഗതാഗത മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കും. ആഗോള സമുദ്രവ്യാപാര ഭൂപടത്തിൽ ഇന്ത്യയുടെ കരുത്തുയർത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും കപ്പൽനിർമ്മാണത്തിൽ സ്വയംപര്യാപ്തത ഉറപ്പാക്കുന്ന കൊച്ചി കപ്പൽശാലയും നഗരഗതാഗതത്തിൽ വിപ്ലവം സൃഷ്ടിച്ച കൊച്ചി വാട്ടർ മെട്രോയും കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലെ സുപ്രധാന നാഴികക്കല്ലുകളാണെന്ന് അദ്ദേഹം പരാമർശിച്ചു. കൂടാതെ, പ്രധാനമന്ത്രി മത്സ്യസമ്പദ യോജനയിലൂടെ തീരദേശ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​വരുംവർഷങ്ങളിൽ ടൂറിസം, ഐടി, നിർമ്മിതബുദ്ധി (എഐ), കായികരംഗം തുടങ്ങിയ മേഖലകളിൽ കേരളത്തിന് വലിയ സാധ്യതകളാണുള്ളതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ആരോഗ്യ-ക്ഷേമ ടൂറിസത്തിലും ആയുർവേദത്തിലും ലോകത്തിന്റെ പ്രധാന കേന്ദ്രമായി വളരാൻ കേരളത്തിന് കഴിയും. സഹകരണാത്മകവും മത്സരാധിഷ്ഠിതവുമായ ഫെഡറലിസത്തിലാണ് കേന്ദ്രം വിശ്വസിക്കുന്നത്. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി സംസ്ഥാന സർക്കാരുമായി ചേർന്ന് കേന്ദ്രം തുടർന്നും മുന്നോട്ടുപോകുമെന്നും, കേരള ജനതയുടെ പ്രതിബദ്ധതയും കഠിനാധ്വാനവും രാജ്യത്തിന് എന്നും പ്രചോദനമായി നിലകൊള്ളട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക