Image

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദം

Published on 01 November, 2026
സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദം

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ബുധനാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ട്.

​തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലുമായി നിലനിന്നിരുന്ന തീവ്രന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ച് അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ഇത് നവംബർ രണ്ടിന് വൈകുന്നേരത്തോടെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപമെത്തുമെന്നാണ് വിലയിരുത്തൽ. കൂടാതെ, തെക്കൻ മഹാരാഷ്ട്ര തീരത്തിന് മുകളിലെ ചക്രവാതച്ചുഴിയും തെക്കുകിഴക്കൻ അറബിക്കടലിൽ നിന്ന് രൂപപ്പെട്ട ന്യൂനമർദപാത്തിയും നിലനിൽക്കുന്നതാണ് കേരളത്തിൽ മഴ സജീവമാകാൻ കാരണം.

​കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിലവിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങളിലും ആൻഡമാൻ കടലിലും മണിക്കൂറിൽ 40 മുതൽ 65 കിലോമീറ്റർ വരെയും, ചിലയിടങ്ങളിൽ 100 കിലോമീറ്റർ വരെ വേഗതയിലും അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ ഈ മേഖലകളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക