
വാഷിങ്ടൺ: പശുത്തോൽ ഉപയോഗിച്ച് നിർമിച്ച യോഗ മാറ്റ് വിപണിയിൽ അവതരിപ്പിച്ചതിൽ പ്രതിഷേധിച്ച് ആഗോള ഫാഷൻ ബ്രാൻഡായ സാറ മാപ്പ് പറയണമെന്നും ഉൽപ്പന്നം പിൻവലിക്കണമെന്നും ഹിന്ദു സംഘടനകൾ. ഹിന്ദുമത വിശ്വാസങ്ങളെയും യോഗയുടെ ആത്മീയ പ്രാധാന്യത്തെയും അപമാനിക്കുന്നതാണ് ഉൽപ്പന്നമെന്ന് ഹിന്ദു നേതാവ് രാജൻ സെഡ് ആരോപിച്ചു.
സ്പാനിഷ് ഫാഷൻ ഗ്രൂപ്പായ ഇൻഡിടെക്സിന്റെ ഉടമസ്ഥതയിലുള്ള സാറയുടെ 'ഫോൾഡബിൾ ലെതർ യോഗ മാറ്റ്' എന്ന ഉൽപ്പന്നത്തിനെതിരെയാണ് പ്രതിഷേധം. പശുവിനെയും യോഗയെയും ഹിന്ദുമതത്തിൽ ഗൗരവത്തോടെ കാണുന്ന ആശയങ്ങളായിരിക്കെ, പശുത്തോൽ ഉപയോഗിച്ച് യോഗ മാറ്റ് നിർമിച്ചത് വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് രാജൻ സെഡ് പ്രസ്താവനയിൽ പറഞ്ഞു.
നവാഡയിലെ യൂണിവേഴ്സൽ സൊസൈറ്റി ഓഫ് ഹിന്ദൂയിസം പ്രസിഡന്റ് കൂടിയായ സെഡ്, സാറയും മാതൃകമ്പനിയായ ഇൻഡിടെക്സും ഉൽപ്പന്നം സ്റ്റോറുകളിൽ നിന്നും ഓൺലൈൻ വിപണിയിൽ നിന്നും ഉടൻ പിൻവലിക്കണമെന്നും ഔദ്യോഗികമായി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. ഇൻഡിടെക്സ് സിഇഒ ഓസ്കാർ ഗാർസിയ മസെയ്‌റസിനോടും ഡയറക്ടർ ബോർഡ് ചെയർപേഴ്സൺ മാർത്ത ഒർട്ടേഗ പെരസിനോടും അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടു.
ഹിന്ദുമതത്തിൽ പശുവിന് പവിത്രമായ സ്ഥാനമാണുള്ളത്. അതേസമയം, യോഗ ഹിന്ദു പാരമ്പര്യത്തിൽ വേരുകളുള്ള പുരാതനവും ആത്മീയവുമായ പരിശീലനമാണ്. ഇത്തരമൊരു ആത്മീയ അഭ്യാസം അറുത്ത പശുവിന്റെ തോൽ ഉപയോഗിച്ചുള്ള മാറ്റിൽ ചെയ്യുന്നത് ഹിന്ദു വിശ്വാസികൾക്ക് വേദനാജനകമാണെന്ന് സെഡ് ചൂണ്ടിക്കാട്ടി.
മതവിശ്വാസങ്ങളെയും ആത്മീയ ആചാരങ്ങളെയും പരിഹസിക്കുന്ന തരത്തിലുള്ള ഉൽപ്പന്നങ്ങൾ ആഗോള കമ്പനികൾ വിപണിയിലെത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലാഭം മതപരമായ അന്തസ്സിന് മുകളിലാകരുത്. വിവിധ മതവിഭാഗങ്ങളുടെ വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും മാനിക്കേണ്ടത് കമ്പനികളുടെ ഉത്തരവാദിത്തമാണെന്നും സെഡ് പറഞ്ഞു.
399 ഡോളർ വിലയുള്ള യോഗ മാറ്റ് മടക്കിവയ്ക്കാവുന്ന രൂപകൽപ്പനയിലാണ് നിർമിച്ചിരിക്കുന്നത്. ഉൽപ്പന്നം വിപണിയിൽനിന്ന് പിൻവലിക്കണമെന്ന ആവശ്യത്തിൽ സാറയുടെയോ ഇൻഡിടെക്സിന്റെയോ പ്രതികരണം പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല.