
പാലക്കാട്: 16-കാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശന്‍ മരിച്ചു. കാവശ്ശേരി വാഴക്കച്ചിറ സുലൈമാന്‍ (65) ആണ് മരിച്ചത്. ഒക്ടോബര്‍ 19-ന് വൈകുന്നേരം ഏഴുമണിയോടെ കാവശ്ശേരിയിലെ വീട്ടില്‍വെച്ചാണ് 16-കാരന്‍ സഹോദരിയേയും മുത്തശ്ശനെയും ആക്രമിച്ചത്. പരിക്കേറ്റ സഹോദരി നിലവില്‍ അപകടനില തരണംചെയ്തിട്ടുണ്ട്.
സുലൈമാന്റെ മകളുടെ മകനാണ് പ്രതിയായ 16-കാരന്‍. സംഭവദിവസം, 10 വയസുകാരിയായ സഹോദരിയുമായി തര്‍ക്കത്തിലേര്‍പ്പെട്ട 16-കാരന്‍, സഹോദരിയെ കത്തികൊണ്ട് കുത്തുകയായിരുന്നു. 10-വയസുകാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുത്തശ്ശനായ സുലൈമാന് കുത്തേറ്റത്.
നെഞ്ചിനും കഴുത്തിനും വയറിനും കുത്തേറ്റ സുലൈമാനെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നില ഗുരുതരമായതിനെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ചികിത്സയില്‍ തുടരുന്നതിനിടെയാണ് ഇന്നലെ രാത്രി മരിച്ചത്.
ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന 10-വയസുകാരി നിലവില്‍ അപകടനില തരണം ചെയ്തിട്ടുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ പ്രതിയെ പോലീസ് പിടികൂടി ജുവനൈല്‍ ഹോമിലാക്കി. കുട്ടിയുടെ മറ്റ് പശ്ചാത്തലങ്ങളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.