
തിരുവനന്തപുരം: ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ഞായറാഴ്ച നടക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശനും. സാമൂഹികമാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വെറുമൊരു പ്രതിഷേധമല്ല ഇതെന്നും ജനാധിപത്യവും ഭരണഘടനയും വോട്ടവകാശവും സംരക്ഷിക്കാന്‍ വേണ്ടിയുള്ള റാലിയാണ് നാളെ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഇന്ത്യ വിളിക്കുന്നു. ജനാധിപത്യവും ഭരണഘടനയും വോട്ടവകാശവും സംരക്ഷിക്കാന്‍ ലക്ഷക്കണക്കിന് പൗരന്മാര്‍ക്കൊപ്പം നാളെ ഞാനും ഡല്‍ഹിയിലെ രാംലീല മൈതാനത്തുണ്ടാകും. ഇത് കേവലം പ്രതിഷേധമല്ല; ജനാധിപത്യം ഭീഷണി നേരിടുമ്പോള്‍ ഞങ്ങള്‍ നിശബ്ദരായിരിക്കില്ല എന്ന ഉറച്ച പ്രഖ്യാപനമാണ്. ചലോ ദില്ലി.' -ഇതാണ് വി.ഡി. സതീശന്‍ എക്സില്‍ കുറിച്ചത്.
തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌കരണത്തില്‍ നടന്ന ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചും വോട്ട് കവര്‍ച്ച ആരോപിച്ചും ഇന്ത്യ സഖ്യം ഞായറാഴ്ച നടത്തുന്ന റാലിയില്‍ പ്രതിപക്ഷ നേതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പടെ നിരവധി പേര്‍ അണിനിരക്കുമെന്നാണ് പ്രതീക്ഷ. ഉച്ചയ്ക്ക് മിന്റോ റോഡ്-കണോട്ട് പ്ലേസ് ജങ്ഷനില്‍നിന്ന് ആരംഭിക്കുന്ന റാലി രാംലീല മൈതാനത്ത് സമാപിക്കും.
മഹാറാലിക്ക് ഓള്‍ ഇന്ത്യാ സ്റ്റുഡന്റ്സ് അസോസിയേഷന്‍ പിന്തുണ അറിയിച്ചു. ദേശീയ അധ്യക്ഷ നേഹാ ബോറയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെ റാലിക്ക് പിന്തുണ അറിയിച്ചത്. കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത്ത് ദിപ്കെയും നേരത്തേ മഹാറാലിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ചലോ ദില്ലി മാര്‍ച്ചില്‍ അണിചേരാന്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ജനങ്ങളോട് അഭ്യര്‍ഥിച്ചു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകാന്‍ സാധ്യതയുള്ള നടപടികളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് പറഞ്ഞ അദ്ദേഹം, ഭരണകക്ഷിയായ ബിജെപിക്ക് തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ ധൈര്യമുണ്ടാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ ചായ്വുകള്‍ പരിഗണിക്കാതെ, വിദ്യാര്‍ഥി സംഘടനകളോട് ഈ മാര്‍ച്ചില്‍ പങ്കുചേരാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.