
തിരുവനന്തപുരം: സര്‍ക്കാരിന്റെ അനുമതിയില്ലാതെ മൂന്ന് ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് തരംമാറ്റി ബാര്‍ ലൈസന്‍സ് നല്‍കിയതില്‍ രണ്ട് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. മന്ത്രി എം.ലിജുവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. എറണാകുളം ഡെപ്യൂട്ടി കമ്മിഷണര്‍ പി.കെ.സതീഷ്, കോട്ടയത്തിന്റെ ചുമതലയുള്ള പത്തനംതിട്ട ഡെപ്യൂട്ടി കമ്മിഷണര്‍ പി.എല്‍.ഷിബു എന്നിവര്‍ക്കെതിരേയാണ് നടപടി.
മദ്യനയം വരുന്നതുവരെ പുതിയ ബാര്‍ ലൈസന്‍സ് നല്‍കേണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. അതുകൊണ്ടുതന്നെ ബാറിനായി ലഭിച്ച പുതിയ അപേക്ഷകളില്‍ ലൈസന്‍സ് നല്‍കുന്നുണ്ടായിരുന്നില്ല. ഇതിനിടയിലാണ് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ മൂന്ന് ലൈസന്‍സുകള്‍ തരംമാറ്റി നല്‍കിയത്. കോട്ടയത്ത് ഒന്നിനും എറണാകുളത്ത് രണ്ട് ബാറുകള്‍ക്കുമാണ് ലൈസന്‍സ് നല്‍കിയത്.
ഇങ്ങനെ ലൈസന്‍സ് നല്‍കാന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് അധികാരമുണ്ട്. എന്നാല്‍, സര്‍ക്കാര്‍നയം മറികടന്ന് ലൈസന്‍സ് നല്‍കിയതില്‍ മന്ത്രി എം.ലിജു അന്വേഷണത്തിനും നടപടിക്കും എക്‌സൈസ് കമ്മിഷണറെ ചുമതലപ്പെടുത്തിയിരുന്നു. സര്‍ക്കാരിന്റെ നിര്‍ദേശം മറികടന്ന് ഉദ്യോഗസ്ഥതലത്തില്‍ തീരുമാനമെടുത്തതിനു പിന്നില്‍ അട്ടിമറിയുണ്ടെന്നാണ് ആരോപണം.