Image

യുഎസ് ഇറാനു നേരിട്ടെഴുതിയതോടെ ചർച്ചകൾ വീണ്ടും സജീവമായി; ഖത്തർ മധ്യസ്ഥർ ഇറാനിൽ (പിപിഎം)

Published on 31 October, 2026
യുഎസ് ഇറാനു നേരിട്ടെഴുതിയതോടെ ചർച്ചകൾ വീണ്ടും സജീവമായി; ഖത്തർ മധ്യസ്ഥർ ഇറാനിൽ (പിപിഎം)

മിഡിൽ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കാൻ നേരിട്ടു ചർച്ച നടത്താമെന്നു യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌ ഇറാൻ സുരക്ഷാ മേധാവി മൊഹ്‌സിൻ റേസായിക്ക് എഴുതിയെന്ന വെളിപ്പെടുത്തലിനു പിന്നാലെ, സമാധാന ശ്രമങ്ങളിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തർ സംഘം ടെഹ്റാനിൽ വെള്ളിയാഴ്ച്ച ഊർജിതമായ ചർച്ചകൾ നടത്തിയെന്ന റിപ്പോർട്ട് പുറത്തുവരുന്നു.

വെള്ളിയാഴ്ച്ച 12 മണിക്കൂറോളം ഇറാൻ നേതാക്കളുമായി സംസാരിച്ച അവർ ശനിയാഴ്ചയും ചർച്ച തുടരുമെന്നു റിപ്പോർട്ടിൽ പറയുന്നു. യുഎസിനു യുദ്ധം തീർക്കാൻ താത്പര്യമുണ്ടെന്ന് ഉറപ്പായ ശേഷമാണു ഖത്തർ വീണ്ടുമൊരു ശ്രമത്തിനു ഇറങ്ങിയതെന്നാണ് സൂചന.

നവംബർ 3 തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ എല്ലാം ഭസ്മമാക്കുമെന്ന് പ്രസിഡന്റ് ട്രംപ് ഇടയ്ക്കിടെ ഇറാനെ വിരട്ടി നോക്കുന്നുണ്ടെങ്കിലും അതു പ്രായോഗികമല്ല എന്ന് അദ്ദേഹത്തിനു തന്നെ തോന്നി തുടങ്ങിയിട്ടുണ്ട്. അതു കൊണ്ടാണ് വാൻസിനോട് കത്തെഴുതാൻ നിർദേശിച്ചത്.

അതിന്റെ സൂചന നേരിട്ടുള്ള ചർച്ചകൾ യുഎസ് ആഗ്രഹിക്കുന്നു എന്നാണ്. ഇസ്രയേലിൽ നെതന്യാഹുവിനു ഭരണം നഷ്ടമായാൽ അവരുടെ പങ്കാളിത്തം യുദ്ധത്തിൽ ഉണ്ടാവാൻ സാധ്യത ഇല്ലെന്നും ഉറപ്പായിട്ടുണ്ട്.

ഇറാന്റെ ആണവ പദ്ധതിയാവും ചർച്ചയിൽ പ്രധാന വിഷയം. അണ്വായുധ നിർമാണം നടക്കില്ലെന്നു ഉറപ്പു വരുത്തിയതായി ട്രംപ് വെള്ളിയാഴ്ചയും പറഞ്ഞു. ഭരണമാറ്റം തുടങ്ങിയ വിഷയങ്ങൾ മാറ്റിവച്ചു അണ്വായുധം തടഞ്ഞു എന്ന അവകാശവാദം ഉയർത്തിപ്പിടിച്ചു യുദ്ധം അവസാനിപ്പിക്കാനാണ് ട്രംപ് നീങ്ങുന്നതെന്നു നിരീക്ഷകർ കരുതുന്നു.

യുദ്ധം വൈകാതെ തീരുമെന്നു കഴിഞ്ഞയാഴ്ച്ച ട്രംപ് ആവർത്തിച്ചു. എങ്ങനെയെന്നു പക്ഷെ അദ്ദേഹം പറഞ്ഞില്ല. "നമ്മൾ ആവശ്യപ്പെടുന്നത് അവർ അണ്വായുധ പരിപാടി ഉപേക്ഷിക്കണം എന്നാണ്." അണ്വായുധം ഉണ്ടാക്കാൻ പരിപാടിയില്ലെന്നു ഇറാൻ പലകുറി ആവർത്തിച്ചിട്ടുണ്ട്.

ഇറാന് യുഎസ് വയ്ക്കുന്ന വാഗ്ദാനം ഉപരോധങ്ങൾ നീക്കാം എന്നതാണ്. എണ്ണ വിൽപ്പന തടയാൻ പാടില്ല താനും.

യുദ്ധം അനന്തമായി നീണ്ടു പോകാൻ ട്രംപ് അനുവദിക്കില്ലെന്നു വാൻസ്‌ ഫോക്സ് ന്യൂസിനോടു പറഞ്ഞു.

സമാധാനം കൊണ്ടുവരാൻ ഇറാനിൽ ഇടപെടാൻ ഏറ്റവും പറ്റിയ നേതാവ് റെസായി ആണെന്നു ട്രംപ് ഭരണകൂടം കരുതുന്നു എന്നാണ് 'ടൈംസ് ഓഫ് ഇസ്രയേൽ' പറയുന്നത്.

Mideast talks revived after Vance reach-out 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക