
ടെന്നസിയിൽ വധശിക്ഷ നടപ്പാക്കാനുള്ള കുത്തിവയ്പു പരാജയപ്പെട്ട ശേഷം വേദന അനുഭവിക്കാത്ത ഒരു നിമിഷം പോലും തനിക്കു ഉണ്ടായിട്ടില്ലെന്നു ക്രിസ്റ്റാ പൈക്ക് (50) സംഭവത്തിനു ശേഷം ആദ്യത്തെ പ്രതികരണത്തിൽ പറഞ്ഞു.
അഭിഭാഷകർ വഴി പുറത്തിറക്കിയ പ്രസ്താവനയിൽ പൈക്ക് പറഞ്ഞു: "ഒരു മാസം മുൻപ് സെപ്റ്റംബർ 30നു ഞാൻ റിവർബെൻഡ് ജയിലിലെ എക്സിക്യൂഷൻ ചേംബറിലേക്കു നടന്നു കയറിയത് മരിക്കാൻ തയാറായിട്ടായിരുന്നു. ഞാൻ എല്ലാ യാഥാർഥ്യങ്ങളോടും പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു.
"ഏതാനും ദിവസം കഴിഞ്ഞു ഞാൻ ആശുപത്രിയിൽ ഉണരുന്നത് വേദനയിലും ചിന്താക്കുഴപ്പത്തിലുമാണ്. ആ രാത്രിക്കു ശേഷം ഒരു നിമിഷം പോലും വേദന എന്നെ വിട്ടു പോയിട്ടില്ല.
"എന്റെ ശരീരം മുഴുവൻ വേദനിക്കുന്നു. എന്റെ കൈകൾ വേദനിക്കുന്നു. എന്റെ തൊണ്ട വേദനിക്കുന്നു. എനിക്ക് സംസാരിക്കാൻ ഏറെ ബുദ്ധിമുട്ടാണ്.
"വേദന ശരീരത്തിനു മാത്രമല്ല. എന്റെ മനസിലും ആത്മാവിലും നിറയെ വേദനയാണ്."
പൈക്കിന്റെ വധശിക്ഷ ഒഴിവാക്കണം എന്ന ആവശ്യം ഉയരുന്നതിനിടയിൽ അക്കാര്യം കോടതിക്കേ തീരുമാനിക്കാൻ കഴിയൂ എന്നു ഗവർണർ ബിൽ ലീ പറഞ്ഞു.
പൈക്കിന്റെ വധശിക്ഷ നടപ്പാക്കുമോ അതോ അവർക്ക് ഇളവ് നൽകുമോ എന്ന് ചോദിച്ചപ്പോൾ ലീ പറഞ്ഞു: "ടെന്നസി സംസ്ഥാനത്തിന്റെ നിയമങ്ങൾ അനുസരിച്ചാണ് അവർക്കു ശിക്ഷ വിധിച്ചത്. അവർ ഇപ്പോഴും ജയിലിൽ തന്നെയാണ്.
"കോടതി മറിച്ചൊരു തീരുമാനം എടുത്തില്ലെങ്കിൽ അവരുടെ ശിക്ഷയിൽ മാറ്റം ഉണ്ടാവുമെന്നു ഞാൻ കരുതുന്നില്ല."
1995ൽ 18 വയസ് മാത്രമുള്ളപ്പോൾ സഹപാഠി കൊളീൻ സ്ലെമ്മെറെ (19) കൊലപ്പെടുത്തിയ കേസിലാണ് പൈക്കിനു കോടതി വധശിക്ഷ നൽകിയത്. കാമുകനെ തട്ടിയെടുക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് സ്ലെമ്മെറെ അതിക്രൂരമായി ആക്രമിച്ചു കൊന്നത്.
Pike opens up after botched execution