Image

ബാറുകളിലെ ആധാർ പരിശോധന: സംശയം തോന്നുന്നവരുടെ മാത്രം രേഖകൾ പരിശോധിച്ചാൽ മതി, വാക്കുകൾ വളച്ചൊടിച്ചെന്ന് എക്സൈസ് മന്ത്രി എം. ലിജു

Published on 30 October, 2026
ബാറുകളിലെ ആധാർ പരിശോധന: സംശയം തോന്നുന്നവരുടെ മാത്രം രേഖകൾ പരിശോധിച്ചാൽ മതി, വാക്കുകൾ വളച്ചൊടിച്ചെന്ന് എക്സൈസ് മന്ത്രി എം. ലിജു

തിരുവനന്തപുരം: ബാറുകളിൽ മദ്യപിക്കാനെത്തുന്ന എല്ലാവരുടെയും ആധാർ കാർഡ് പരിശോധിക്കണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പ്രസ്താവന മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും എക്‌സൈസ് മന്ത്രി എം. ലിജു. നിയമപരമായ പ്രായപരിധിയായ 23 വയസ്സിൽ താഴെയുള്ളവരാണെന്ന് പ്രഥമദൃഷ്ട്യാ സംശയം തോന്നുന്നവരുടെ പ്രായം മാത്രമാണ് തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് പരിശോധിക്കാൻ നിർദേശിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ഉദ്ദേശിച്ച സാമൂഹിക സന്ദേശം വളച്ചൊടിക്കപ്പെട്ട സാഹചര്യത്തിലാണ് വിശദീകരണവുമായി രംഗത്തെത്തിയതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

​പ്രായപൂർത്തിയാകാത്ത കുട്ടികൾ മദ്യപിച്ച് വാഹനമോടിച്ച് നിരപരാധികളായ കുടുംബങ്ങളെ അനാഥമാക്കുന്ന അപകടകരമായ പ്രവണത തടയാനാണ് ബാർ അധികൃതർക്ക് ജാഗ്രതാ നിർദേശം നൽകിയതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 17-ഉം 18-ഉം വയസ്സുള്ള കുട്ടികൾക്ക് മദ്യം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രായത്തിൽ സംശയം തോന്നുന്നവരുടെ ഐഡി കാർഡ് പരിശോധിക്കണമെന്നാണ് പറഞ്ഞത്. എന്നാൽ, എഴുപതു വയസ്സുകാരന്റെ വരെ തിരിച്ചറിയൽ കാർഡ് ചോദിക്കണമെന്ന് താൻ പറഞ്ഞ രീതിയിലാണ് ചില മാധ്യമങ്ങൾ വാർത്ത നൽകിയതെന്നും, അത് പറയുന്ന ആളുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തിലായിപ്പോയെന്നും അദ്ദേഹം വിമർശിച്ചു.

​മാധ്യമപ്രവർത്തകരുടെ മുന്നിൽ ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ പറയുമ്പോൾ എഡിറ്റോറിയൽ ഡെസ്കുകളിൽ അത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെങ്കിൽ തിരുത്തേണ്ട ബാധ്യത ബന്ധപ്പെട്ടവർക്കുണ്ടെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. സമൂഹത്തിൽ ക്രിയാത്മകമായ മാറ്റം ലക്ഷ്യമിട്ടാണ് ഇത്തരം നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നത്. വസ്തുതകൾ അതിന്റെ ശരിയായ അർത്ഥത്തിലും ലക്ഷ്യത്തിലും ഉൾക്കൊണ്ടു വേണം വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കാനെന്നും മന്ത്രി എം. ലിജു കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക