Image

ഭിത്തിയിലെ വിടവിലൂടെ കമ്പിയിട്ട് കള്ളുകുപ്പികൾ കൊളുത്തിയെടുത്തു; പൊൻകുന്നത്ത് കള്ളുഷാപ്പിൽ വിചിത്ര മോഷണം, ദൃശ്യങ്ങൾ പുറത്ത്

Published on 30 October, 2026
ഭിത്തിയിലെ വിടവിലൂടെ കമ്പിയിട്ട് കള്ളുകുപ്പികൾ കൊളുത്തിയെടുത്തു; പൊൻകുന്നത്ത് കള്ളുഷാപ്പിൽ വിചിത്ര മോഷണം, ദൃശ്യങ്ങൾ പുറത്ത്

കോട്ടയം: പൊൻകുന്നത്ത് കള്ളുഷാപ്പിന്റെ ഭിത്തിയിലുള്ള വിടവിലൂടെ കമ്പിയിട്ട് കള്ളുകുപ്പികൾ കൊളുത്തിയെടുത്ത് വിചിത്ര മോഷണം. പൊൻകുന്നം പത്തൊൻപതാം മൈലിലുള്ള കള്ളുഷാപ്പിലാണ് സിനിമാക്കഥകളെ വെല്ലുന്ന തരത്തിൽ മോഷണം അരങ്ങേറിയത്. ഷാപ്പിലെ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ മോഷ്ടാക്കളുടെ കൗതുകകരമായ നീക്കങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നു.

​ഷാപ്പിന്റെ ചുമരിലുണ്ടായിരുന്ന ചെറിയ വിടവിലൂടെ അകത്തേക്ക് കമ്പിയിറക്കിയാണ് സംഘം കള്ളുകുപ്പികൾ ഓരോന്നായി പുറത്തെടുത്തത്. രണ്ടുപേരടങ്ങുന്ന സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഒരാൾ വിടവിലൂടെ ടോർച്ച് തെളിച്ച് അകത്തേക്ക് വെളിച്ചം കാട്ടുമ്പോൾ, മറ്റൊരാൾ കമ്പി ഉപയോഗിച്ച് അതീവ ശ്രദ്ധയോടെ കള്ളുകുപ്പികൾ കൊളുത്തിയെടുക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി പതിയുന്നത്.

​ഷാപ്പിൽ സൂക്ഷിച്ചിരുന്നതിൽ നിന്ന് ആറ് കുപ്പി കള്ളാണ് മോഷ്ടാക്കൾ ഇത്തരത്തിൽ കവർന്നത്. രാവിലെ മോഷണവിവരം ശ്രദ്ധയിൽപ്പെട്ട ഷാപ്പ് അധികൃതർ ഉടൻതന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയ പൊലീസ്, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികളെ തിരിച്ചറിയാനും പിടികൂടാനുമുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക