
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ 'ഇന്ത്യ' മുന്നണി സംഘടിപ്പിക്കാനിരുന്ന 'ജനകീയ കുറ്റവിചാരണ' (ജൻ മഹാഭിയോഗ്) ഡൽഹിയിൽ തുടരുന്ന കനത്ത മഴയെ തുടർന്ന് ശനിയാഴ്ചത്തേക്ക് മാറ്റി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഔദ്യോഗിക വസതിയിലെ പുൽത്തകിടിയിൽ ഇന്ന് ഉച്ചതിരിഞ്ഞ് 3.30-ന് നടത്താനിരുന്ന പരിപാടിയാണ് പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ചതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ മുന്നിൽനിർത്തി കേന്ദ്ര സർക്കാർ ജനാധിപത്യത്തെ അട്ടിമറിക്കാൻ നടത്തുന്ന നീക്കങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതാണ് ഇന്ത്യാ സഖ്യത്തിന്റെ റാലിയും പ്രതീകാത്മക കുറ്റവിചാരണയെന്നും പ്രതിപക്ഷം ഒറ്റക്കെട്ടായി ഈ പോരാട്ടത്തിൽ മുന്നോട്ടുപോകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
'വോട്ട് കൊള്ള' വിഷയത്തിൽ ജനകീയ പ്രതിഷേധം ഉയർത്തുന്നതിന്റെ ഭാഗമായി നടത്തുന്ന പ്രതീകാത്മക കുറ്റവിചാരണയിൽ മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാർ അധ്യക്ഷത വഹിക്കും. ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രമേയം അവതരിപ്പിക്കും. തുടർന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമാപന പ്രസംഗം നടത്തും. ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ജനങ്ങൾ ഡൽഹിയിലേക്ക് എത്തുന്നത് തടയാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശ്രമിക്കുകയാണെന്നും രാംലീല മൈതാനത്ത് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് രാജ്യം കാത്തിരുന്ന് കാണുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
പരിപാടിയുടെ അന്തിമ രൂപരേഖ തയ്യാറാക്കുന്നതിനായി 'ഇന്ത്യ' മുന്നണിയിലെ പ്രമുഖ നേതാക്കൾ വ്യാഴാഴ്ച പ്രത്യേക യോഗം ചേർന്നിരുന്നു. കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, ജയറാം രമേശ് എന്നിവർക്ക് പുറമെ തൃണമൂൽ കോൺഗ്രസിന്റെ ഡെറക് ഒബ്രിയാൻ, സി.പി.ഐ.എമ്മിന്റെ ജോൺ ബ്രിട്ടാസ്, സമാജ്‌വാദി പാർട്ടിയുടെ ഹരേന്ദ്ര മാലിക്, ജെ.എം.എമ്മിന്റെ മഹുവ മാജി തുടങ്ങിയ പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്ത് തന്ത്രങ്ങൾ ചർച്ച ചെയ്തു.