Image

തേനിയിലെ കൂട്ട ജയിൽചാട്ടം: മുഖ്യസൂത്രധാരൻ കുപ്രസിദ്ധ ഗുണ്ട ലിംഗപ്രസാദ്; 17 പേരെയും പിടികൂടി, ജയിൽ ഡിജിപിക്ക് സ്ഥാനചലനം

Published on 30 October, 2026
തേനിയിലെ കൂട്ട ജയിൽചാട്ടം: മുഖ്യസൂത്രധാരൻ കുപ്രസിദ്ധ ഗുണ്ട ലിംഗപ്രസാദ്; 17 പേരെയും പിടികൂടി, ജയിൽ ഡിജിപിക്ക് സ്ഥാനചലനം

ചെന്നൈ: തമിഴ്‌നാട്ടിലെ തേനി തെക്കാംപട്ടി ജില്ലാ ജയിലിൽ നിന്ന് 17 തടവുകാർ രക്ഷപ്പെട്ട സംഭവത്തിന്റെ മുഖ്യസൂത്രധാരൻ ഇരുപത്തിയാറോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ലിംഗപ്രസാദെന്ന് പൊലീസ്. ഗുണ്ടാ ആക്ട് പ്രകാരം ജയിലിലായിരുന്ന ഭിന്നശേഷിക്കാരൻ കൂടിയായ ലിംഗപ്രസാദിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ഇയാൾ ജയിൽചാട്ടം ആസൂത്രണം ചെയ്തതും സഹതടവുകാരെ ഒപ്പം കൂട്ടിയതും. രക്ഷപ്പെട്ട ശേഷം ട്രെയിൻ മാർഗം ഉത്തരേന്ത്യയിലേക്ക് കടക്കാനായിരുന്നു ഇവരുടെ നീക്കം. എന്നാൽ തമിഴ്നാട് സർക്കാർ നിയോഗിച്ച 20 പ്രത്യേക അന്വേഷണ സംഘങ്ങളും നക്സൽ വിരുദ്ധ സ്ക്വാഡും തേനി, മധുര, ശിവഗംഗ, വിരുദുനഗർ ജില്ലകളിലെ പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിൽ 40 മണിക്കൂറിനകം മുഴുവൻ പ്രതികളെയും വലയിലാക്കി.

​ജയിലിന് സമീപത്തെ മുൾക്കാട്ടിൽ ഒളിച്ചിരുന്ന 13 പേരെ ഡ്രോൺ ക്യാമറകൾ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലാണ് കണ്ടെത്തിയത്. അവശേഷിച്ച നാലുപേരെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി പിടികൂടി. രക്ഷപ്പെടാൻ ശ്രമിച്ച തടവുകാരെയെല്ലാം തമിഴ്‌നാട്ടിലെ വിവിധ അതീവ സുരക്ഷാ ജയിലുകളിലേക്ക് മാറ്റാനാണ് ജയിൽ വകുപ്പിന്റെ തീരുമാനം. സുരക്ഷാ വീഴ്ചയെക്കുറിച്ചും ജയിൽ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഒത്താശയുണ്ടായോ എന്നതിനെക്കുറിച്ചും ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്.

​സംഭവത്തിന് പിന്നാലെ ഗുരുതര സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ തമിഴ്നാട് ജയിൽ ഡിജിപിയെ സ്ഥാനത്തുനിന്ന് നീക്കി സർക്കാർ അടിയന്തര നടപടി സ്വീകരിച്ചു. ജയിൽ ഡിജിപി സന്ദീപ് റായ് റാത്തോഡിനെ തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷന്റെ ചീഫ് വിജിലൻസ് ഓഫീസറായി മാറ്റിനിയമിച്ചു. എൻഫോഴ്‌സ്‌മെന്റ് ബ്യൂറോ എഡിജിപിയായ കെ. ശങ്കറാണ് പുതിയ ജയിൽ ഡിജിപി. ഇതുസംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. കാർത്തിക് പുറത്തിറക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക