
ന്യൂഡൽഹി: ഡൽഹിയുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനാ (എസ്.ഐ.ആർ) സമയപരിധി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി. മഹാരാഷ്ട്ര, ഡൽഹി, ആന്ധ്രാപ്രദേശ്, ഹരിയാന, തെലങ്കാന, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ അഭ്യർത്ഥന പരിഗണിച്ചാണ് നടപടി. പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് നടപടിയെന്നും ഇതുസംബന്ധിച്ച് അതത് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പ്രത്യേക മാർഗനിർദേശം നൽകിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
പുതുക്കിയ സമയക്രമപ്രകാരം മഹാരാഷ്ട്രയിൽ വോട്ടർപട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 13 വരെ നീട്ടിയിട്ടുണ്ട്. ലഭിച്ച അപേക്ഷകളിൽ നോട്ടീസ് അയക്കുന്നതിനും പരാതികൾ തീർപ്പാക്കുന്നതിനുമുള്ള നടപടികൾ നവംബർ 25 വരെ തുടരും. ഇതിനുശേഷം അന്തിമ വോട്ടർപട്ടിക നവംബർ 30-ന് പ്രസിദ്ധീകരിക്കും. ആന്ധ്രാപ്രദേശിലും ഹരിയാനയിലും നോട്ടീസുകൾ അയക്കുന്നതിനും ആക്ഷേപങ്ങൾ തീർപ്പാക്കുന്നതിനുമുള്ള കാലാവധി നവംബർ 20 വരെയാണ് നീട്ടിയത്. ഇരു സംസ്ഥാനങ്ങളിലും അന്തിമ വോട്ടർപട്ടിക നവംബർ 30-ന് പുറത്തിറക്കും. നാഗാലാൻഡിൽ പരാതികൾ തീർപ്പാക്കുന്നതിനുള്ള ഘട്ടം നവംബർ 25 വരെയായിരിക്കും.
ദേശീയ തലസ്ഥാനമായ ഡൽഹിയിൽ പരാതികൾ നൽകാനുള്ള സമയപരിധി നവംബർ 25 വരെ നീട്ടിയിട്ടുണ്ട്. ലഭിച്ച അപേക്ഷകൾ തീർപ്പാക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 15-ലേക്ക് മാറ്റി. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിലെ അന്തിമ വോട്ടർപട്ടിക ഡിസംബർ 22-ഓടെ പ്രസിദ്ധീകരിക്കും. മുൻപും സമാനമായ രീതിയിൽ വോട്ടർപട്ടിക പുതുക്കൽ നടപടികൾക്കായി തെരഞ്ഞെടുപ്പ് കമ്മീഷൻ സമയപരിധി നീട്ടിനൽകിയിട്ടുണ്ട്.