
കൊച്ചി: ചേരാനെല്ലൂരിൽ തട്ടുകട ഉടമ ജയബാലകൃഷ്ണൻ കാറിടിച്ചു മരിച്ച കേസിൽ പ്രതിയായ 17-കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കവേ കോടതിയിൽ നാടകീയ രംഗങ്ങൾ. എറണാകുളത്തെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് സർക്കാരിന്റെ അപ്പീൽ പരിഗണിച്ചത്. ഹർജിയിൽ പ്രായപൂർത്തിയാകാത്ത പ്രതിയുടെ മുഴുവൻ വ്യക്തിവിവരങ്ങളും ഉൾപ്പെടുത്തിയതിൽ പ്രോസിക്യൂഷനെതിരെ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
ഒരു കുട്ടിയുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തി എങ്ങനെയാണ് ഇത്തരത്തിൽ അപ്പീൽ ഫയൽ ചെയ്യുകയെന്ന് സർക്കാരിനോട് ആരാഞ്ഞ കോടതി, കുട്ടിയുടെ ഫോട്ടോ മാത്രമേ ഇനി നൽകാനുള്ളൂ എന്നും രൂക്ഷമായി വിമർശിച്ചു. പ്രായപൂർത്തിയാകാത്തവരുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് രണ്ടു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റമാണെന്ന് കോടതി ഓർമ്മിപ്പിച്ചു. തുടർന്ന് പ്രതിയുടെ സ്വകാര്യവിവരങ്ങൾ പൂർണമായും ഒഴിവാക്കി പുതിയ അപ്പീൽ സമർപ്പിക്കാൻ പ്രോസിക്യൂഷന് നിർദേശം നൽകിയ കോടതി, കേസ് വീണ്ടും നാളെ പരിഗണിക്കാനായി മാറ്റി.
ഇതിനിടെ, വാദത്തിനിടെ കോടതിമുറിയിൽ അഭിഭാഷകനെതിരെ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം രംഗത്തെത്തിയതും ആശയക്കുഴപ്പമുണ്ടാക്കി. ആരാണ് വക്കാലത്ത് നൽകിയതെന്ന് കോടതി ചോദിച്ചപ്പോൾ, ജയബാലകൃഷ്ണന്റെ മകളാണ് വക്കാലത്ത് ഒപ്പിട്ടു നൽകിയതെന്ന് അഭിഭാഷകൻ അറിയിച്ചു. എന്നാൽ, അഭിഭാഷകൻ നിർബന്ധിച്ച് വക്കാലത്തിൽ ഒപ്പിടുവിക്കുകയായിരുന്നുവെന്ന് ജയബാലകൃഷ്ണന്റെ ബന്ധു ജയലക്ഷ്മി കോടതിയിൽ വ്യക്തമാക്കി. അപകടമുണ്ടാക്കിയ 17-കാരന് മുൻപ് ജുവനൈൽ ജസ്റ്റിസ് ബോർഡാണ് ജാമ്യം അനുവദിച്ചിരുന്നത്.