
തിരുവനന്തപുരം: കള്ളുഷാപ്പുകളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നത് വിലക്കിയുള്ള ചട്ടം റദ്ദാക്കി കേരള ഹൈക്കോടതി. സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ക്കും തൊഴില്‍ സ്വാതന്ത്ര്യത്തിനുമെതിരെയുള്ള ലംഘനമാണ് ഈ വിലക്കെന്ന് കോടതി ചൂണ്ടിക്കാട്ടി. 2002ലെ കേരള അബ്കാരി ഷോപ്പ്സ് ഡിസ്പോസല്‍ ചട്ടങ്ങളിലെ റൂള്‍ 7(37) ആണ് ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. സ്ത്രീകളുടെ സുരക്ഷയുടെ പേരില്‍ തൊഴില്‍ അവസരങ്ങള്‍ നിഷേധിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ 47കാരി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കള്ളുഷാപ്പില്‍ ജോലി ചെയ്തിരുന്ന ഇവരുടെ ഭര്‍ത്താവ് 2024ല്‍ മരിച്ചിരുന്നു. തുടര്‍ന്ന് ആശ്രിത നിയമന വ്യവസ്ഥ പ്രകാരം കള്ളുഷാപ്പില്‍ ജോലി ആവശ്യപ്പെട്ടെങ്കിലും സ്ത്രീകള്‍ക്ക് ജോലി വിലക്കുന്ന ചട്ടം ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചു. ഇതോടെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
സ്ത്രീകളെ ചൂഷണത്തില്‍ നിന്നും തൊഴില്‍സ്ഥലത്തെ പീഡനങ്ങളില്‍ നിന്നും സംരക്ഷിക്കാനാണ് വിലക്കെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. കള്ളുഷാപ്പുകള്‍ പലപ്പോഴും വിദൂര സ്ഥലങ്ങളിലായതിനാല്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ സുരക്ഷയുടെ പേരില്‍ എല്ലാ സ്ത്രീകള്‍ക്കും തൊഴില്‍ നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കോടതി ചട്ടം റദ്ദാക്കിയത്. കള്ളുഷാപ്പുകളിലെ തൊഴില്‍ സാഹചര്യങ്ങളും വിദേശമദ്യ വില്‍പ്പനശാലകളിലെ സാഹചര്യങ്ങളും വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി ഷാപ്പ് ലൈസന്‍സിയും ഹര്‍ജിയെ എതിര്‍ത്തിരുന്നു.