
തിരുവനന്തപുരം: നിപ ബാധിതർക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ മരുന്ന് നൽകിയതായി സംശയമുണ്ടെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ നിയമസഭയിലെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്ന വ്യക്തിയെന്ന നിലയിൽ ഉത്തരവാദിത്തത്തോടെ സംസാരിക്കേണ്ട മന്ത്രി നിയമസഭയെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അവർ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. 30 ഡിഗ്രി സെൽഷ്യസിൽ കൊറോണ വൈറസ് ചത്തുപോകുമെന്ന് പണ്ട് പറഞ്ഞ ആളാണ് മുരളീധരനെന്നും, സബ്മിഷൻ പോലുള്ള മുൻകൂട്ടി തയ്യാറാക്കുന്ന വിഷയത്തിൽപ്പോലും പൂർണമായും തെറ്റായ കാര്യങ്ങളാണ് മന്ത്രി സഭയിൽ വിശദീകരിച്ചതെന്നും വീണാ ജോർജ് പറഞ്ഞു.
2023 മുതൽ 2025 വരെയുള്ള കാലയളവിൽ ആകെ അഞ്ചുപേർക്ക് മാത്രമാണ് റെംഡെസിവിർ നൽകിയതെന്നും ഈ അഞ്ചുപേരും നിലവിൽ ജീവനോടെയുണ്ടെന്നും വീണാ ജോർജ് വ്യക്തമാക്കി. അതിനാൽ റെംഡെസിവിർ ഉപയോഗിച്ച നിപ രോഗികളുടെ മരണനിരക്ക് പൂജ്യമാണെന്നിരിക്കെ, ഈ മരുന്ന് ഉപയോഗിച്ചാണോ രോഗികൾ മരിച്ചതെന്ന് പരിശോധിക്കുമെന്ന മന്ത്രിയുടെ വാക്കുകൾ തികച്ചും അവാസ്തവമാണ്. ലോകത്താകമാനം തെറാപ്യൂട്ടിക് ഇന്റർവെൻഷനിൽ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ട റെംഡെസിവിർ സ്വീകരിച്ച രോഗികളുടെ കേസ് ഹിസ്റ്ററി ഉൾപ്പെടെയുള്ള മുഴുവൻ രേഖകളും ആരോഗ്യവകുപ്പിന്റെ കൈവശം കൃത്യമായി ഉണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
2021-ൽ കോവിഡ് പ്രതിസന്ധിക്കിടെയാണ് കെ.എം.എസ്.സി.എൽ ഈ മരുന്ന് വാങ്ങിയതെന്നും വീണാ ജോർജ് വിശദീകരിച്ചു. കെ.എം.എസ്.സി.എൽ ഒരു മരുന്ന് വാങ്ങുമ്പോൾ അതിന്റെ നിർമ്മാണത്തീയതിയും കാലാവധിയും സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തും. കാലാവധി കഴിഞ്ഞാൽ സോഫ്റ്റ്‌വെയറിൽ മരുന്ന് തനിയെ ലോക്കാകുമെന്നതിനാൽ കാലാവധി കഴിഞ്ഞ ഒരു മരുന്നിന്റെയും വിതരണം സാധ്യമല്ലെന്നും അവർ വ്യക്തമാക്കി. ക്ലിനിക്കൽ ട്രയൽ എന്ന് രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങൾ വിദഗ്ധ സമിതി പരിശോധിക്കട്ടെയെന്നും അവർ കൂട്ടിച്ചേർത്തു.