Image

കേരളത്തിലെ എസ്‌ഐആർ: ഒഴിവാക്കപ്പെട്ടവർക്ക് പരാതി നൽകാൻ കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി

Published on 30 October, 2026
കേരളത്തിലെ എസ്‌ഐആർ: ഒഴിവാക്കപ്പെട്ടവർക്ക് പരാതി നൽകാൻ കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: കേരളത്തിലെ എസ്‌ഐആർ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) നടപടികളിൽ വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്ക് പരാതി നൽകാനുള്ള സമയം സുപ്രീം കോടതി നീട്ടി നൽകി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. പേര് ഒഴിവാക്കപ്പെട്ടവർക്ക് തുടർന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും, രേഖാമൂലം ലഭിക്കുന്ന ഇത്തരം പരാതികൾ പരിശോധിച്ച് കമ്മീഷൻ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

​കേരളം, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടൽ. കേരളത്തിൽ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് പേര് വീണ്ടും ചേർക്കുന്നതിനായി പരാതി നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ അഭിഭാഷകൻ ജി. പ്രകാശ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നാണ് പരാതിക്കാർക്ക് തുടർന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ അവസരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.

​അതേസമയം, കേരളത്തിലെയും ഛത്തീസ്ഗഡിലെയും എസ്‌ഐആർ നടപടികൾ പൂർത്തിയായിക്കഴിഞ്ഞുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡി.എസ്. നായിഡു കോടതിയെ അറിയിച്ചു. ഉത്തർപ്രദേശിൽ വോട്ടർമാരെ ഒഴിവാക്കാനായി വൻതോതിൽ 'ഫോം 7' ദുരുപയോഗം ചെയ്തുവെന്ന ആക്ഷേപങ്ങൾ പരിശോധിക്കാൻ കമ്മീഷന് മുൻപ് നിർദേശം നൽകിയിരുന്നു. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഇവ വ്യാജമാണെന്ന് കണ്ടെത്തിയതായും ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടെന്നും കമ്മീഷൻ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക