Image

ഇടുക്കിയിൽ ഭാര്യയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച ശേഷം ഭർത്താവ് സ്വയം വെടിയുതിർത്തു മരിച്ചു; ഭാര്യ അതീവ ഗുരുതരാവസ്ഥയിൽ

Published on 30 October, 2026
ഇടുക്കിയിൽ ഭാര്യയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച ശേഷം ഭർത്താവ് സ്വയം വെടിയുതിർത്തു മരിച്ചു; ഭാര്യ അതീവ ഗുരുതരാവസ്ഥയിൽ

ഇടുക്കി: കുഴിതൊളുവിൽ പോസ്റ്റ് ഓഫീസ് താൽക്കാലിക ജീവനക്കാരിയായ ഭാര്യയെ ക്രൂരമായി മർദിച്ച ശേഷം ഭർത്താവ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. പുറ്റടി കടുക്കസിറ്റി സ്വദേശി സന്തോഷാണ് മരിച്ചത്. ആക്രമണത്തിൽ തലയ്ക്ക് മാരകമായി പരിക്കേറ്റ ഭാര്യ ശ്രീജയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

​വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെ കുഴിതൊളു പോസ്റ്റ് ഓഫീസിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. രാവിലെ ഓഫീസ് തുറന്നതിന് പിന്നാലെ അവിടെയെത്തിയ സന്തോഷും ശ്രീജയും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. തുടർന്ന് ശ്രീജയെ ഓഫീസിന് പുറത്തേക്ക് വലിച്ചിറക്കിയ ഇയാൾ, കൈയിൽ കരുതിയിരുന്ന കമ്പിവടി ഉപയോഗിച്ച് തലയ്ക്ക് ക്രൂരമായി അടിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ കൈവശമുണ്ടായിരുന്ന തോക്ക് അവർക്ക് നേരെ ചൂണ്ടി ഭീഷണിപ്പെടുത്തിയ സന്തോഷ്, തൊട്ടുപിന്നാലെ സ്വയം വെടിയുതിർത്തു. ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു.

​കുടുംബപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. ഇവരുടെ വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് കൊലപാതകം ആസൂത്രണം ചെയ്ത് സന്തോഷ് എത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം സന്തോഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക