Image

കെപിസിസി പ്രസിഡന്റ് ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം സ്തംഭനാവസ്ഥയില്‍; മുല്ലപ്പള്ളി രാമചന്ദ്രന്‍

Published on 30 October, 2026
 കെപിസിസി പ്രസിഡന്റ് ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം സ്തംഭനാവസ്ഥയില്‍; മുല്ലപ്പള്ളി രാമചന്ദ്രന്‍

 

കോഴിക്കോട്: കെപിസിസി പുനഃസംഘടന വൈകുന്നതില്‍ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി പ്രസിഡന്റ് ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ വന്നിട്ട് അഞ്ചുമാസമായി. പാര്‍ട്ടി അനിശ്ചിതാവസ്ഥയിലാണ്. പുതിയ അധ്യക്ഷന്‍ ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് യഥാസമയം പറയാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

രാജിവെക്കാന്‍ തയ്യാറാണെന്ന് സണ്ണി ജോസഫ് അറിയിച്ചതാണ്. ഹൈക്കമാന്‍ഡ് ആണ് നടപടി സ്വീകരിക്കേണ്ടത്. സംഘടനാ ചുമതലയുള്ള ആള്‍ കേരളത്തില്‍ നിന്നുള്ളയാളാണ്. അദ്ദേഹത്തിന് കാര്യങ്ങള്‍ വ്യക്തമായി അറിയാം. അദ്ദേഹമാണ് നടപടിയെടുക്കേണ്ടത്. ദളിത് വിഭാഗത്തെ അവഗണിക്കുന്നുവെന്ന് പരാതിയില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ താന്‍ സംതൃപ്തനാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ ഹൈക്കമാന്‍ഡിനെ നേരത്തെ തന്നെ അഭിപ്രായം അറിയിച്ചിരുന്നു. മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്ന നിലപാടായിരുന്നു നേതാക്കള്‍ സ്വീകരിച്ചിരുന്നത്. രമേശ് ചെന്നിത്തല, കെ മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ ഹൈക്കമാന്‍ഡ് നേതാക്കളെ കണ്ടിരുന്നു. സര്‍ക്കാരുമായി സഹകരിക്കുന്ന നേതാവിനെ പരിഗണിക്കണമെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നത്.

നിലവില്‍ കെപിസിസി അധ്യക്ഷ പദവി വഹിക്കുന്ന സണ്ണി ജോസഫ് സംസ്ഥാന മന്ത്രിസഭയില്‍ അംഗമായതിനെ തുടര്‍ന്ന് സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പുനഃസംഘടന അനിശ്ചിതമായി നീളുന്നത് പാര്‍ട്ടിക്കുള്ളില്‍ വലിയ പൊട്ടിത്തെറിക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക