Image

കേരളപ്പിറവിയിൽ സംസ്ഥാനം ഇരുട്ടിലേക്ക്; സർക്കാരിന്റെ മെല്ലെപ്പോക്കിൽ കേരളത്തിന് കിട്ടേണ്ട വൈദ്യുതി തട്ടിയെടുത്ത് രാജസ്ഥാൻ

Published on 30 October, 2026
കേരളപ്പിറവിയിൽ സംസ്ഥാനം ഇരുട്ടിലേക്ക്; സർക്കാരിന്റെ മെല്ലെപ്പോക്കിൽ കേരളത്തിന് കിട്ടേണ്ട വൈദ്യുതി തട്ടിയെടുത്ത് രാജസ്ഥാൻ

കൊച്ചി: ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി വാങ്ങൽ കരാർ അംഗീകരിക്കുന്നതിൽ സർക്കാർ തലത്തിലുണ്ടായ കാലതാമസം കാരണം സംസ്ഥാനം വീണ്ടും രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക്. കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ വൈകുന്നേരങ്ങളിലെ പീക്ക് അവറുകളിൽ 900 മെഗാവാട്ട് വരെ വൈദ്യുതി കുറവുണ്ടാകുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ വൈകിട്ട് ആറിനും അർധരാത്രിക്കും ഇടയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ബോർഡ് നിർബന്ധിതരായേക്കും. നിലവിലെ സർക്കാർ അധികാരമേറ്റ ശേഷം സംസ്ഥാനം നേരിടാൻ പോകുന്ന മൂന്നാമത്തെ വലിയ വൈദ്യുതി നിയന്ത്രണമാണിത്.

​മഴ ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ പീക്ക് അവർ ഉപഭോഗം 4,900 മെഗാവാട്ടിന് അടുത്താണ്. വരൾച്ചാ സാഹചര്യം ഉണ്ടായാൽ ഇത് 5,500 മെഗാവാട്ട് വരെ ഉയർന്നേക്കാം. എന്നാൽ നവംബർ ഒന്നു മുതൽ സംസ്ഥാനത്ത് ലഭ്യമാകുന്ന പരമാവധി വൈദ്യുതി 4,200 മെഗാവാട്ട് മാത്രമായിരിക്കും. 2,225 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി അനുമതി തേടിയെങ്കിലും ഉയർന്ന നിരക്കിൽ 1,000 മെഗാവാട്ട് വാങ്ങാൻ മാത്രമാണ് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയത്.

​പീക്ക് അവറുകളിൽ 900 മുതൽ 1,200 മെഗാവാട്ട് വരെ വൈദ്യുതി യൂണിറ്റിന് 14.50 രൂപ നിരക്കിൽ നൽകാമെന്ന് ഹിമാചൽ പ്രദേശ് സമ്മതിച്ചിരുന്നതാണ്. ഒക്ടോബറിൽ ലഭിച്ച ഈ വൈദ്യുതിയാണ് മുൻപുണ്ടായ പവർകട്ട് ഒഴിവാക്കാൻ സഹായിച്ചത്. എന്നാൽ നവംബർ 1 മുതൽ മെയ് 15 വരെയുള്ള കാലയളവിലേക്ക് കരാർ തുടരാനുള്ള അനുമതി തേടിയുള്ള ഫയൽ 22 ദിവസമായി സർക്കാർ തലത്തിൽ ഒപ്പിടാതെ കെട്ടിക്കിടന്നു. ഈ അനിശ്ചിതത്വം മുതലെടുത്ത് യൂണിറ്റിന് 15.50 രൂപ വാഗ്ദാനം ചെയ്ത് രാജസ്ഥാൻ ഈ വൈദ്യുതി സ്വന്തമാക്കിയതോടെ നവംബർ 1 മുതൽ ഹിമാചൽ കേരളത്തിനുള്ള വിതരണം പൂർണമായി നിർത്തും. കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കിൽ നിരക്ക് കുറച്ച് കരാർ ഉറപ്പിക്കാമായിരുന്നുവെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക