
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പിഞ്ചുമക്കളെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ അമ്മയുടെ കാമുകനായ രണ്ടാം പ്രതി മാർട്ടിൻ ഇഗ്നേഷ്യസിനെ കുടുക്കിയത് വാട്സ്ആപ്പ് സന്ദേശങ്ങളെന്ന് പൊലീസ്. കുട്ടികളെ ഒഴിവാക്കിയാൽ വിവാഹം കഴിക്കാമെന്ന് മാർട്ടിൻ അമ്മ നിവേദ്യയ്ക്ക് ഉറപ്പുനൽകിയിരുന്നു. ഒരുമിച്ചു ജീവിക്കാൻ തടസ്സമായി നിന്ന കുട്ടികളെ ഇല്ലാതാക്കാൻ ഇരുവരും ചേർന്ന് മുൻകൂട്ടി ഗൂഢാലോചന നടത്തുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഒരു വർഷത്തോളമായി അടുപ്പത്തിലായിരുന്ന ഇരുവരും അടുത്തടുത്ത വീടുകളിലാണ് താമസിച്ചിരുന്നത്.
കൃത്യം നടക്കുമ്പോൾ മാർട്ടിൻ വീട്ടിൽ നേരിട്ടെത്തി നിവേദ്യയ്ക്ക് ഒത്താശ ചെയ്തിരുന്നതായും പൊലീസ് വ്യക്തമാക്കി. നിവേദ്യ കുട്ടികളെ വെള്ളത്തിൽ മുക്കിക്കൊല്ലുമ്പോൾ പുറത്ത് ആരെങ്കിലും വരുന്നുണ്ടോയെന്ന് നോക്കി കാവൽ നിന്നത് മാർട്ടിനാണ്. കുട്ടികളുടെ മരണം ഉറപ്പാക്കിയ ശേഷം ഇരുവരും ഒരുമിച്ച് വീടുവിട്ടിറങ്ങി. തുടർന്ന് അല്പസമയത്തിനു ശേഷം തിരിച്ചെത്തിയ നിവേദ്യ, കുഞ്ഞുങ്ങളെ കാണാനില്ലെന്ന് പറഞ്ഞ് അയൽവീടുകളിൽ തിരച്ചിൽ നടത്തി സംഭവം സ്വാഭാവിക അപകടമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയായിരുന്നു.
വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരെയാണ് സെപ്റ്റംബർ 29-ന് വാടകവീട്ടിലെ കുളിമുറിയിലെ സിമന്റ് ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ മുങ്ങിമരണമെന്ന് കരുതിയ സംഭവം വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സെപ്റ്റംബർ 30-ന് നിവേദ്യയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതിനു പിന്നാലെ, നടത്തിയ തെളിവെടുപ്പിലാണ് മാർട്ടിന്റെ പങ്ക് വ്യക്തമായതും ഇയാളെ പിടികൂടിയതും.