
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിന് അനുയോജ്യമായ 10 സ്ഥലങ്ങള്‍ കണ്ടെത്തി വിശദാംശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു സമര്‍പ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ നിയമസഭയെ അറിയിച്ചു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സര്‍ക്കാര്‍ ഈ വിഷയം പുനഃപരിശോധിക്കുകയും സ്ഥലങ്ങള്‍ കണ്ടെത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പിനോടു നിര്‍ദേശിക്കുകയും ചെയ്‌തു.
തിരുവനന്തപുരം ജില്ലയിലെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിനോടു ചേര്‍ന്നുള്ള ഭൂമി അനുയോജ്യമാണെന്നു കണ്ടെത്തിയെങ്കിലും സുപ്രീം കോടതി നിര്‍ദേശ പ്രകാരം അവിടെ ബ്രഹ്‌മോസിന് സ്ഥലം അനുവദിച്ചതിനാല്‍ നെട്ടുകാല്‍ത്തേരി ഉപേക്ഷിച്ചു. എയിംസ് സ്ഥാപിക്കുന്നതിനായി കുറഞ്ഞത് 200 ഏക്കര്‍ തര്‍ക്കരഹിതവും തുടര്‍ച്ചയായതുമായ ഭൂമി, ദേശീയപാതയിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും വിമാനത്താവളത്തിലേക്കുമുള്ള ഗതാഗതസൗകര്യം, കുടിവെള്ള ലഭ്യത, വൈദ്യുതി സൗകര്യം തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി വിശദമായ പ്രായോഗികതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കാസര്‍കോട്, തൃശൂര്‍, ആലപ്പുഴ ജില്ലാ കലക്‌ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിൻ്റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലയിലെ വെള്ളൂര്‍ വില്ലേജില്‍ കെ.പി.പി.എല്‍. ഉടമസ്ഥതയിലുള്ള 487.31 ഏക്കര്‍ ഭൂമിയും, കാസര്‍കോട് ജില്ലയിലെ പെരിയപനയാല്‍ പ്രദേശത്ത് പ്ലാൻ്റേഷന്‍ കോര്‍പ്പറേഷൻ്റെ കൈവശമുള്ള 274.69 ഏക്കര്‍ ഭൂമിയും എയിംസ് സ്ഥാപിക്കുന്നതിനുള്ള സാധ്യതയുള്ള സ്ഥലങ്ങളായി ജില്ലാ കലക്‌ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ ചാലക്കുടി താലൂക്കിലെ സര്‍ക്കാര്‍ പ്രസ്, വൈഗ ത്രെഡ്‌സ്, കൊരട്ടി സര്‍ക്കാര്‍ ആശുപത്രി എന്നിവയുടെ ഭൂമി ആവശ്യമായ രീതിയില്‍ ഏറ്റെടുത്ത് ക്രമീകരിക്കുന്നതിലൂടെ എയിംസ് സ്ഥാപിക്കാമെന്നും ജില്ലാ കലക്‌ടര്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ പള്ളിപ്പുറം ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ പരിഗണിക്കണമെന്ന നിര്‍ദേശത്തിൻ്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്‌ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. അതേസമയം കാസര്‍കോട്, തൃശൂര്‍, കോട്ടയം ജില്ലാ കലക്‌ടര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്