Image

ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റിൻ്റെ കാറുമായി ബൈക്ക് കൂട്ടിയിടിച്ച് വിദ്യാര്‍ഥിക്ക്‌ ദാരുണാന്ത്യം

Published on 29 October, 2026
ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റിൻ്റെ  കാറുമായി   ബൈക്ക് കൂട്ടിയിടിച്ച്  വിദ്യാര്‍ഥിക്ക്‌ ദാരുണാന്ത്യം

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ സഞ്ചരിച്ച ഔദ്യോഗിക കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ കോളജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ ഐ.എച്ച്.ആർ. ഡി. കോളജ് വിദ്യാർഥി കോന്നി ഇളകൊള്ളൂർ കുന്നക്കാട്ട് കൃഷ്‌ണ നന്ദു (19) ആണ് അകടത്തിൽ മരിച്ചത്. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കൂടലില്‍ ഇന്ന് രാവിലെ ആയിരുന്നു അപകടം.

സ്ഥിരം അപകടമേഖലയാണിവിടം. കൃഷ്‌ണ നന്ദു രാവിലെ ബൈക്കിൽ കോളജിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇതിനിടെ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച ഒരു വയോധികൻ ബൈക്കിന് മുന്നിലേക്ക് പെട്ടെന്ന് ചാടുകയായിരുന്നു. വയോധികനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബൈക്ക് നിയന്ത്രണം നഷ്‌ടപ്പെട്ട് എതിർദിശയില്‍ വന്ന ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെ കാറിനടിയിലേക്ക് തെന്നിവീണു. കാർ കൃഷ്‌ണനന്ദുവിൻ്റെ തലയിലൂടെ കയറിയിറങ്ങിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ കൃഷ്‌ണ നന്ദുവിനെ ഉടൻ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച വയോധികൻ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന ദേവസ്വം ബോർഡ് പ്രസിഡൻ്റിനും പരിക്കുകളില്ല.

ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ഔദ്യോഗിക ആവശ്യത്തിനായി പത്തനംതിട്ടയിലേക്ക് വരികയായിരുന്നു ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ. അപകടത്തെ തുടർന്ന് കെ ജയകുമാർ മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു. നാട്ടുകാരും കൂടല്‍ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക