
വത്തിക്കാന്‍ സിറ്റി: ആധുനിക സംസ്‌കാരത്തെ ശത്രുവായി കാണുകയല്ല, ക്രൈസ്തവ വിശ്വാസത്തിന്റെ വെളിച്ചത്തില്‍ അതുമായി സംവദിച്ച് അതിലെ നന്മകളെ സ്വീകരിക്കുകയാണ് കത്തോലിക്കര്‍ ചെയ്യേണ്ടതെന്ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ. വിശ്വാസവും സംസ്‌കാരവും തമ്മിലുള്ള സമന്വയം ക്രൈസ്തവജീവിതത്തിനും സുവിശേഷം മറ്റുള്ളവരിലേക്ക് വിശ്വസനീയമായി പകരുന്നതിനും അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബര്‍ 28-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന പ്രതിവാര പൊതുദര്‍ശനത്തിലാണ് മാര്‍പാപ്പ ഈ സന്ദേശം നല്‍കിയത്. ആധുനിക ലോകത്തോട് എതിര്‍പ്പിന്റെ മനോഭാവം പുലര്‍ത്തുന്നതിനു പകരം, തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിന്റെ സംസ്‌കാരത്തെ മനസ്സിലാക്കാനും അതുമായി ക്രിയാത്മകമായി ഇടപെടാനും വിശ്വാസികള്‍ തയ്യാറാകണം. ക്രൈസ്തവവിശ്വാസം ജീവിതത്തില്‍ ആഴത്തില്‍ വേരൂന്നാനും മറ്റുള്ളവര്‍ക്ക് അത് വിശ്വസനീയമായി പകര്‍ന്നുനല്‍കാനും വിശ്വാസവും സംസ്‌കാരവും തമ്മിലുള്ള പക്വമായ സമന്വയം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
''വിശ്വാസം താന്‍ കടന്നുചെല്ലുന്ന ഓരോ സംസ്‌കാരത്തെയും സമ്പന്നമാക്കുകയും അതിനെ പൂര്‍ണതയിലേക്ക് നയിക്കുകയും ചെയ്യുന്നു. അതേസമയം, ക്രിസ്തുവിന്റെ ചൈതന്യത്താല്‍ രൂപപ്പെടുന്ന സംസ്‌കാരമായി വിശ്വാസവും വളരണം'' എന്ന് മാര്‍പാപ്പ വിശദീകരിച്ചു.
വിദ്യാഭ്യാസവും സാംസ്‌കാരിക വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്നതില്‍ സഭയ്ക്ക് ചരിത്രപരമായ പങ്കുണ്ടെന്ന് അനുസ്മരിച്ച അദ്ദേഹം, സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഉന്നതവിദ്യാഭ്യാസവും സാംസ്‌കാരിക അവസരങ്ങളും ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. വിശ്വാസത്തെക്കുറിച്ചുള്ള അറിവിനൊപ്പം ശാസ്ത്രത്തിലും മറ്റു വിജ്ഞാനശാഖകളിലും ആഴത്തിലുള്ള അറിവ് നേടാന്‍ ക്രൈസ്തവര്‍ പരിശ്രമിക്കണമെന്നും ദൈവശാസ്ത്രജ്ഞര്‍ മറ്റു മേഖലകളിലെ വിദഗ്ധരുമായി സഹകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വിശ്വാസവും സംസ്‌കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വാക്കുകളും അദ്ദേഹം ഉദ്ധരിച്ചു: ''സംസ്‌കാരമായി മാറാത്ത വിശ്വാസം പൂര്‍ണമായി സ്വീകരിക്കപ്പെടാത്തതും ആഴത്തില്‍ ചിന്തിക്കപ്പെടാത്തതും വിശ്വസ്തതയോടെ ജീവിക്കപ്പെടാത്തതുമായ വിശ്വാസമാണ്.''
ആധുനികതയെ അന്ധമായി അംഗീകരിക്കുകയോ പൂര്‍ണമായി നിരാകരിക്കുകയോ ചെയ്യുന്നതിനു പകരം, സുവിശേഷത്തിന്റെ വെളിച്ചത്തില്‍ സംസ്‌കാരത്തെ വിവേചനബുദ്ധിയോടെ സമീപിക്കുകയാണ് വേണ്ടത്. സംസ്‌കാരത്തിലെ നന്മയും സൗന്ദര്യവും സത്യവും തിരിച്ചറിഞ്ഞ് ക്രിസ്തീയ മൂല്യങ്ങളിലൂടെ അവയെ പരിപോഷിപ്പിക്കുമ്പോഴാണ് വിശ്വാസം ജീവിതത്തില്‍ പൂര്‍ണമായി പ്രകടമാകുന്നതെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു.