Image

ബാത്ടബ്ബില്‍ വെള്ളം തുറന്നുവിട്ട് എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഒറ്റയ്ക്ക് വിട്ടു; അമ്മ അറസ്റ്റില്‍

പി പി ചെറിയാന്‍ Published on 29 October, 2026
ബാത്ടബ്ബില്‍ വെള്ളം തുറന്നുവിട്ട് എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഒറ്റയ്ക്ക് വിട്ടു; അമ്മ അറസ്റ്റില്‍

വാഷിങ്ടണ്‍: അമേരിക്കയിലെ വര്‍ജീനിയയില്‍ ബാത്ടബ്ബില്‍ വെള്ളം തുറന്നുവെച്ച് എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ശ്രദ്ധിക്കാതെ ഒറ്റയ്ക്ക് വിട്ട സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കുഞ്ഞ് ബാത്ടബ്ബിലെ വെള്ളത്തില്‍ മുങ്ങിമരിച്ചതിനെത്തുടര്‍ന്നാണ് നടപടി.

മുപ്പതുകാരിയായ റോസെല്ലേന പിസാനി ആണ് അറസ്റ്റിലായത്. കൊലപാതകം , രണ്ട് കുട്ടികളോട് ക്രൂരത കാണിക്കല്‍ , മൂന്ന് തവണ കുട്ടികളെ അപകടത്തിലാക്കല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ലൗഡൗണ്‍ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. ചൊവ്വാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്.


ബാത്ടബ്ബില്‍ വെള്ളം തുറന്നുവെച്ച് മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ ഒറ്റയ്ക്ക് വിട്ടതിനെത്തുടര്‍ന്ന് എട്ട് മാസം പ്രായമുള്ള കുഞ്ഞ് മുങ്ങിമരിച്ചു. സംഭവസമയത്ത് വീട്ടില്‍ എട്ട് മാസം മുതല്‍ എട്ട് വയസ്സ് വരെ പ്രായമുള്ള മറ്റ് രണ്ട് കുട്ടികള്‍കൂടി ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

സെപ്റ്റംബര്‍ 10-നാണ് പ്രതികരിക്കാനാവാത്ത അവസ്ഥയിലായ ഒരു കുഞ്ഞിനെ രക്ഷിക്കാന്‍ ലൗഡൗണ്‍ കൗണ്ടി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം ഷെരീഫ് ഓഫീസിന്റെ സഹായം തേടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ മുതിര്‍ന്നവരുടെ ശ്രദ്ധയില്ലാതെ ബാത്ടബ്ബില്‍ വെള്ളം തുറന്നുവെച്ച നിലയില്‍ ഒറ്റയ്ക്ക് ഇരുത്തിയിരുന്നതായി വ്യക്തമായത്.

സംഭവസമയത്ത് അമ്മയായ പിസാനി എന്തു ചെയ്യുകയായിരുന്നു എന്നത് സംബന്ധിച്ച് അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എങ്കിലും ഇതൊരു ഹൃദയഭേദകമായ സംഭവമാണെന്നും, കുട്ടികളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെ പ്രാഥമിക ഉത്തരവാദിത്തമാണെന്നും ലൗഡൗണ്‍ കൗണ്ടി ഷെരീഫ് മൈക്ക് ചാപ്മാന്‍ വ്യക്തമാക്കി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക