
പാലക്കാട്: പാലക്കാട് കൊഴിഞ്ഞമ്പാറയില്‍ അമ്മ രണ്ട് കുട്ടികളെ മുക്കിക്കൊന്ന കേസില്‍ ഒരാള്‍ക്കുകൂടി പങ്കുണ്ടെന്ന് സൂചന. പ്രതി നിവേദ്യയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് പൊലിസിന് ഇതുസംബന്ധിച്ച സൂചന ലഭിച്ചതെന്നാണ് വിവരം.
എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അഞ്ചും മൂന്നും വയസുള്ള കുഞ്ഞുങ്ങളെ വീട്ടിലെ കുളിമുറിക്കുള്ളിലെ ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
അഞ്ചുവയസുകാരി ജെനിഫര്‍ ജൂലിയറ്റും മൂന്ന് വയസുകാരന്‍ റോബിന്‍ ക്രിസ്റ്റഫറുമാണ് കൊല്ലപ്പെട്ടത്. കൃത്യം നടക്കുമ്പോള്‍ പ്രതിയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവ് ജോണ്‍കുമാര്‍ ജോലിക്ക് പോയിരിക്കുകയായിരുന്നു.
വെള്ളത്തൊട്ടിയില്‍ കളിക്കുകയായിരുന്ന ജെനിഫര്‍ ജൂലിയറ്റിനെ തലയില്‍ പിടിച്ച് ബലമായി വെള്ളത്തില്‍ മുക്കി മരണമുറപ്പാക്കി. തുടര്‍ന്ന് പുറത്ത് കളിക്കുകയായിരുന്ന മകന്‍ റോബിന്‍ ക്രിസ്റ്റഫറിനെ കുളിമുറിയിലെത്തിച്ച് തൊട്ടിയില്‍ തള്ളിയിട്ടശേഷം മുതുകില്‍ പിടിച്ച് അമര്‍ത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതി പൊലിസിന് നല്‍കിയ മൊഴി.