
കൊച്ചി: വ്യവസായ-ഐടി നഗരത്തിന്റെ ഗതാഗതരംഗത്ത് വലിയൊരു മാറ്റത്തിനു വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കുന്ന കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന് (എ.ഐ.ഐ.ബി) പൂര്‍ണ്ണതൃപ്തി. ഭാവിയില്‍ കൂടുതല്‍ സഹകരണത്തിനും ബാങ്ക് തയ്യാറാണ്. പദ്ധതിക്കു വായ്പ നല്‍കുന്ന ബാങ്കാണ് എ.ഐ.ഐ.ബി. 1016.24 കോടി രൂപയാണു നിലവില്‍ വായ്പയായി അനുവദിച്ചിരിക്കുന്നത്.
പദ്ധതി പുരോഗതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി മൂന്ന് ദിവസമായി എ.ഐ.ഐ.ബി ഉന്നതല സംഘം കൊച്ചിയില്‍ ഉണ്ടായിരുന്നു. അവസാനഘട്ട പദ്ധതി പുരോഗതി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെ.എം.ആർ .എല്‍) മാനേജിംഗ് ഡയറക്ടര്‍ ജി.പ്രിയങ്കയുടെ അധ്യക്ഷയില്‍ വിലയിരുത്തി. എ.ഐ.ഐ.ബി പ്രതിനിധികളായ നീരജ ശുക്ല, ശിവ രാമകൃഷ്ണ ശാസ്ത്രി, ഖലിഖ മുഹമ്മദ്, ജതിന്‍ അറോറ, കെ.എം.ആര്‍.എല്‍ ഡയറക്ടര്‍മാരായ ഡോ.എം.പി. രാം നവാസ്(പ്രോജക്ടസ്), സഞ്ജയ് കുമാര്‍(സിസ്റ്റംസ്), രവീന്ദ്ര കുമാര്‍ പഠക്(ഫിനാന്‍സ്) തുടങ്ങിയവര്‍ പങ്കെടുത്തു.
രണ്ടാംഘട്ട നിര്‍മാണ പുരോഗതിയും സാമ്പത്തിക കാര്യങ്ങളും വിലയിരുത്തുന്നതിനായാണ് എ.ഐ.ഐ.ബി സംഘം എത്തിയത്. പദ്ധതിയുടെ നിലവിലെ പുരോഗതി, വര്‍ക്ക് സൈറ്റുകളിലെ സുരക്ഷ, നിര്‍മാണ കരാറുകള്‍, അനുബന്ധ പ്രവര്‍ത്തനങ്ങള്‍, ഭൂമി ഏറ്റെടുക്കല്‍, പരിസ്ഥിതി മാനേജ്‌മെന്റ് പ്ലാന്‍, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍, ഫണ്ട് വിനിയോഗം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം, വായ്പ വിനിയോഗ കാലാവധി തുടങ്ങിയവ അവലോകനം ചെയ്തു. രണ്ടാംഘട്ട പദ്ധതി പ്രദേശം, കളമശേരിയിലെ മെട്രോ കാസ്റ്റിംഗ് യാര്‍ഡ്, ലേബര്‍ ക്യാമ്പ് എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനവും നടത്തി.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം മുതല്‍ കാക്കനാട് വഴി സ്മാര്‍ട് സിറ്റി വരെയുള്ള 11.20 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.
റോഡ് വികസനത്തിനും കാന, ഫുട്പാത്ത് നവീകരണത്തിനുമുള്ള ഭൂമി ഏറ്റെടുക്കല്‍ 100% പൂര്‍ത്തിയായി. മെട്രോ സ്റ്റേഷന്‍ നിര്‍മ്മാണത്തിനും മറ്റുമുള്ള ഭൂമി ഏറ്റെടുക്കലും അവസാനഘട്ടത്തിലാണ്. 6.5 കിലോമീറ്ററോളം വയഡക്റ്റ് നിര്‍മ്മാണം പൂര്‍ത്തിയായി. ട്രാക്ക് നിര്‍മ്മാണം, സിഗ്‌നലിംഗ്, ടെലികോം, ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിവിധ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.
2019 ജനുവരിയില്‍ വിശദ പദ്ധതി റിപ്പോര്‍ട്ട്(ഡിപിആര്‍)തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ 2022 നവംബറിലാണ് ഡിപിആറിന് അനുമതി ലഭിച്ചത്. പിന്നീട് 2023 ജൂണിലാണ് വായ്പ എടുക്കുന്നതിനുള്ള അനുമതി ലഭിച്ചത്. 2019 ലെ ഡിപിആര്‍ പ്രകാരം 1957.05 കോടി രൂപയായിരുന്നു പദ്ധതി ചിലവ്. അനുമതി ലഭിക്കാന്‍ നാലര വര്‍ഷം വൈകിയതിനാല്‍, ഇക്കാലയളവില്‍ പദ്ധതിയുടെ അടിസ്ഥാന ചിലവിലും നികുതിയിനത്തിലും ഉള്‍പ്പെടെ പദ്ധതിചിലവ് വര്‍ധിച്ചു. പദ്ധതി ചിലവില്‍ ഉണ്ടായ വര്‍ധനയ്ക്ക് അനുസരിച്ചു പുതുക്കിയ ഭരണാനുമതി ലഭിക്കുന്നതിനായി കെ.എം.ആർ.എല്‍ സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം:
സ്റ്റേഷനുകള്‍
ജെ.എല്‍.എന്‍ സ്റ്റേഡിയം (ഒന്നാം ഘട്ടവുമായുള്ള ഇന്റര്‍ചേഞ്ച് സ്‌റ്റേഷന്‍)
1.പാലാരിവട്ടം ജംഗ്ഷന്‍
2.ആലിന്‍ചുവട്
3.ചെമ്പുമുക്ക്
4.വാഴക്കാല
5.പടമുഗള്‍
6.സിവില്‍ സ്റ്റേഷന് ജംഗ്ഷന്‍
7.കൊച്ചിന്‍ സെസ്
8.ചിറ്റേത്തുകര
9.കിന്‍ഫ്ര പാര്‍ക്ക്
10.ഇന്‍ഫോപാര്‍ക്ക്
11.സ്മാര്‍ട് സിറ്റി.